അതിജീവിതയെ ബലാൽസംഗം ചെയ്ത കേസ്: മുൻ ഗവണ്മെന്റ് പ്ലീഡർ പി.ജി മനു മുൻകൂർ ജാമ്യപേക്ഷ നൽകി
|'പരാതിക്കാരിയെക്കൊണ്ട് എനിക്കെതിരെ വ്യാജമൊഴി നൽകിപ്പിച്ചു. പ്രതിഛായ തകർക്കലും കരിയർ നശിപ്പിക്കാനുമാണ് പരാതി'
കൊച്ചി: അതിജീവിതയെ ബലാൽസംഗം ചെയ്ത കേസിൽ മുൻ ഗവണ്മെന്റ് പ്ലീഡർ പി.ജി മനു മുൻകൂർ ജാമ്യപേക്ഷ നൽകി. ഹരജി തിങ്കളാഴ്ച പരിഗണിക്കും. ബലാത്സംഗക്കേസ് മനഃപൂർവം കെട്ടിച്ചമച്ചതാണെന്നും തന്റെ തൊഴിൽ മേഖലയിലെ ശത്രുക്കളാണ് പരാതിക്കാരിക്ക് പിന്നിലെന്നും മനു പറഞ്ഞു.
'പരാതിക്കാരിയെക്കൊണ്ട് എനിക്കെതിരെ വ്യാജമൊഴി നൽകിപ്പിച്ചു. പ്രതിഛായ തകർക്കലും കരിയർ നശിപ്പിക്കാനുമാണ് പരാതി. സോഷ്യൽ മീഡിയ വഴിയും തന്നെ അപകീർത്തിപ്പെടുത്തുന്നു. ആരോപണം എന്റെ കുടുംബ ജീവിതത്തെ തർക്കും. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമില്ല'. പി.ജി മനു പറയുന്നു.
കേസിൽ മനുവിനെതിരെ ഇന്നലെ നടപടിയുണ്ടായിരുന്നു. മനുവിന്റെ രാജി അഡ്വക്കേറ്റ് ജനറൽ എഴുതിവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തത്. 25കാരിയുടെ പരാതിയിലാണ് മനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ബലാത്സംഗക്കുറ്റത്തോടൊപ്പം ഐ.ടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. 2018ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇരയാണ് പരാതിക്കാരി.
കേസുമായി ബന്ധപ്പെട്ട നിയമസഹായം പ്രതി വാഗ്ദാനം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്നു പറഞ്ഞ് കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. റൂറൽ എസ്.പിക്കാണ് ആദ്യം പരാതി നൽകിയത്. പിന്നീട് ചോറ്റാനിക്കര പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.