ജനകോടികളുടെ വിശ്വസ്ത സ്ഥാപനം; സ്വപ്നങ്ങള്‍ ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍ പോയി
|നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്ലസ് രാമചന്ദ്രനെ വലച്ചിരുന്നു
ദുബൈ: മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖവും ശബ്ദവും മറക്കാന്‍ സാധ്യതയില്ല. നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്ലസ് രാമചന്ദ്രനെ വലച്ചിരുന്നു. കടബാധ്യതകളെ തുടര്‍ന്ന് അദ്ദേഹം ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ആഗസ്തില്‍ അറസ്റ്റിലായിരുന്നു. ദുബൈ കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്‍റെ മോചനത്തിനായി പരിശ്രമിച്ചിരുന്നു. 2018ലാണ് അദ്ദേഹം ജയില്‍ മോചിതനായത്.
ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്തില്‍ ദുബൈയിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.
മലയാളികൾ നെഞ്ചേറ്റിയ വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമിച്ച അറ്റ്ലസ് രാമചന്ദ്രൻ 2010 ൽ ഹോളിഡേയ്‌സ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട് . ഇന്നലെ , കൗരവർ , വെങ്കലം , ചകോരം തുടങ്ങിയ സിനിമകൾ വിതരണം ചെയ്തു . അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ , സുഭദ്രം , ബാല്യകാലസഖി തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .