ചേന്ദമംഗല്ലൂരിൽ സിനിമാ ലൊക്കേഷനിൽ അതിക്രമം
|ചേന്ദമംഗല്ലൂർ മിനി പഞ്ചാബിലെ പള്ളിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.
കോഴിക്കോട് ചേന്ദമംഗല്ലൂരിൽ സിനിമാ ചിത്രീകരണത്തിനെതിരെ അതിക്രമം. ഷൂട്ടിങ്ങിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെ രണ്ടുപേർ നശിപ്പിച്ചു. ഭരതന്നൂർ ഷമീർ സംവിധാനം ചെയ്യുന്ന 'അനക്കെന്തിന്റെ കേടാ?' സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ചു.
ചേന്ദമംഗല്ലൂർ മിനി പഞ്ചാബിലെ പള്ളിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ടുപേർ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിങ് സെറ്റിൽ കയറി അതിക്രമം കാണിച്ചെന്നാണ് സംവിധായകൻ പറയുന്നത്. പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും ആരാണ് അക്രമം നടത്തിയതെന്ന് അറിയില്ലെന്നും സംവിധായകൻ പറഞ്ഞു.
പള്ളി ഭാരവാഹികൾ അക്രമികളെ തടയുകയും ഷൂട്ടിങ് തുടരാൻ അനുവദിക്കുകയും ചെയ്തു. പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും പൂർണ പിന്തുണയോടെയാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. പൊലീസിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ഷൂട്ടിങ് തുടരുന്നത്.