Kerala
തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനെത്തിയ സ്ത്രീയെ കടന്നുപിടിച്ചു; പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം
Kerala

തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനെത്തിയ സ്ത്രീയെ കടന്നുപിടിച്ചു; പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

Web Desk
|
28 Oct 2022 3:11 AM GMT

പ്രതിയെ തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

തിരുവനന്തപുരം: രാവിലെ നടക്കാനിറങ്ങിയ സ്ത്രീയെ കടന്നുപിടിച്ചു. തിരുവനന്തപുരം മ്യൂസിയത്തില്‍ ബുധനാഴ്ച പുലർച്ചെ 4. 40 ഓടെയാണ് സംഭവം.കാറിലെത്തിയ ആളാണ് സ്ത്രീയെ ആക്രമിച്ചത്.ആക്രമിച്ച ആളുടെ പിന്നാലെ സ്ത്രീ ഓടിയെങ്കിലും പിടികൂടാനായില്ല.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ആക്രമിച്ച ആളാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് യുവതി മീഡിയവണിനോട് പറഞ്ഞു. പതിവുപോലെ നടക്കാൻ പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം നടന്നതെന്ന് യുവതി പറയുന്നു.

'പിന്നാലെ ഓടിയെങ്കിലും പ്രതി 10 മീറ്ററോളം ഓടി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് സെക്യൂരിറ്റിക്കാരനെ വിവരമറിച്ചു. അദ്ദേഹം മ്യൂസിയം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു'. എന്നാൽ പൊലീസ് എത്താൻ വൈകിയെന്നും യുവതി പറയുന്നു. പ്രതി ഏഴുമിനിറ്റ് മ്യൂസിയത്തിനകത്ത് ഒളിച്ചിരുന്നെന്നും അത് കഴിഞ്ഞാണ് പുറത്തേക്ക് പോയത്. പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കാര്യമാക്കിയില്ലെന്നും യുവതി ആരോപിക്കുന്നു.

സി.സി.ടി.വി കാമറയെ കുറിച്ച് ചോദിച്ചെങ്കിലും ലൈവ് മാത്രമേയൊള്ളൂ റെക്കോർഡിങ് ഇല്ല എന്നാണ് പൊലീസ് നൽകിയ മറുപടിയെന്നും യുവതി പറയുന്നു. പ്രതി സഞ്ചരിച്ച കാറ് തിരിച്ചറിയാനോ ഇതുവരെ പൊലീസിന് കഴിഞ്ഞില്ലെന്നും സാധാരണക്കാർക്ക് എന്ത് സുരക്ഷയാണ് ഇവിടെയുള്ളതെന്നും അക്രമണത്തിനരയായ യുവതി ചോദിക്കുന്നു.


Similar Posts