ഡിവൈഎഫ്ഐ നേതാവിന്‍റെ ആക്രമണം; പരാതി പിന്‍വലിച്ച് എസ്.എഫ്.ഐ വനിതാ നേതാവ്
|സിപിഎം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് യുവതി പരാതി പിന്‍വലിച്ചതെന്നാണ് സൂചന
ആലപ്പുഴ: ഹരിപ്പാട് എസ്.എഫ്.ഐ വനിതാ നേതാവിനെ ഡിവൈഎഫ്ഐ നേതാവ് ആക്രമിച്ച കേസിൽ പരാതിയില്ലെന്ന് പെൺകുട്ടി. പൊലീസ് മൊഴിയെടുക്കാൻ എത്തിയെങ്കിലും പരാതി ഇല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. സിപിഎം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് യുവതി പരാതി പിന്‍വലിച്ചതെന്നാണ് സൂചന.
ഹരിപ്പാട്ടെ ഡി.വൈ.എഫ്.ഐ നേതാവായ അമ്പാടി ഉണ്ണിക്കെതിരെ ഹരിപ്പാട് എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ ചിന്നുവാണ് പരാതി നല്‍കിയിരുന്നത്. ബൈക്കിടിപ്പിച്ച് വീഴ്ത്തി മർദിച്ചു എന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് അമ്പാടി ഉണ്ണിയെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.
തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഉണ്ണിയുടെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിവരം. മർദിക്കുമ്പോൾ ഉണ്ണിക്കൊപ്പം സിപിഎം അനുഭാവികളും ഉണ്ടായിരുന്നതായി യുവതി പരാതിയിൽ പറഞ്ഞിരുന്നു.