Kerala
കണ്ണൂരിൽ പോക്സോ കേസ് പ്രതിയായ അധ്യാപകന്റെ വീടിന് നേരെ ആക്രമണം; ഭാര്യക്ക് പരിക്ക്
Kerala

കണ്ണൂരിൽ പോക്സോ കേസ് പ്രതിയായ അധ്യാപകന്റെ വീടിന് നേരെ ആക്രമണം; ഭാര്യക്ക് പരിക്ക്

Web Desk
|
2 Nov 2022 4:52 AM GMT

ഇന്നലെയാണ് അധ്യാപകനെതിരെ ലൈംഗികാരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്.

കണ്ണൂർ: കാക്കയങ്ങാട് പോക്സോ കേസിൽ പ്രതിയായ അധ്യാപകന്റെ വീടിന് നേരെ അക്രമം. കക്കയങ്ങാട് പാലാ ഗവ. സ്കൂളിലെ അധ്യാപകൻ എ കെ ഹസന്റെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അധ്യാപകനെതിരെ കേസെടുത്തത്,

ആക്രമണത്തിൽ അധ്യാപകന്റെ ഭാര്യക്ക് പരിക്കേറ്റു. ഇന്നലെയാണ് അധ്യാപകനെതിരെ ലൈംഗികാരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്. നാല് ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായിരുന്നു ആരോപണം ഉയർത്തിയത്. അധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നു, അശ്ലീലച്ചുവയോടെ സംസാരിക്കുന്നു എന്നായിരുന്നു പരാതി. തുടര്‍ന്ന് നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചു.

പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. നാലില്‍ ഒരു വിദ്യാര്‍ഥിനി അധ്യാപകനെതിരെ മൊഴി കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് രാത്രിയോടെ അധ്യാപകന്റെ വീടിനു നേരെയും ഭാര്യക്കു നേരെയും ആക്രമണം ഉണ്ടായത്. തലയ്ക്കടിയേറ്റ ഭാര്യ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

പോക്സോ കേസ് രാഷ്ട്രീയ വിരോധം തീർക്കാൻ കെട്ടിച്ചമച്ചതാണെന്നും ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്നും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആരോപിച്ചു.

ഭാര്യ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും അധ്യാപകന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എയുടെ ജില്ലാ നേതാവുമാണ്. നേരത്തെ തന്നെ അധ്യാപകനെതിരെ സി.പി.എം വലിയ തോതിലുള്ള പ്രചാരണങ്ങള്‍ നടത്തുകയും ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

സാലറി ചലഞ്ച് സമയത്ത് സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവരില്‍ ഒരാളായിരുന്നു ഈ അധ്യാപകന്‍. അതിനു ശേഷമായിരുന്നു സി.പി.എം പ്രചരണങ്ങൾ. അതിനാല്‍ തന്നെ ആസൂത്രിതമായി അധ്യാപകനെ കേസില്‍ കുടുക്കിയതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പൊലീസ് നടപടിക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.

Similar Posts