Kerala
പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന ശൈലി അനുവദിക്കാനാകില്ല; കോൺഗ്രസ് പ്രവർത്തകന്‍റെ ജാമ്യാപേക്ഷ തള്ളി
Kerala

'പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന ശൈലി അനുവദിക്കാനാകില്ല'; കോൺഗ്രസ് പ്രവർത്തകന്‍റെ ജാമ്യാപേക്ഷ തള്ളി

Web Desk
|
5 Nov 2021 1:58 PM GMT

വൈറ്റിലയിലെ കോൺഗ്രസ് സമരത്തിനിടയിലെ അക്രമം പെട്ടെന്നുണ്ടായ പ്രകോപനത്തിൽനിന്നാണെന്ന് കരുതാനാകില്ലെന്ന് കോടതി

കോൺഗ്രസ് റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പ്രതി തൈക്കുടം സ്വദേശി പി.ജി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സമരത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രാഷ്ട്രീയശൈലി അനുവദിക്കാനാകില്ലെന്ന് കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി വ്യക്തമാക്കി. ജോസഫിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും ജോജു ജോർജും എതിർത്തിരുന്നു.

വൈറ്റിലയിലെ കോൺഗ്രസ് സമരത്തിനിടയിലെ അക്രമം പെട്ടെന്നുണ്ടായ പ്രകോപനത്തിൽനിന്നാണെന്ന് കരുതാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സമരത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രാഷ്ട്രീയ ശൈലി അനുവദിക്കാൻ കഴിയില്ല. രാഷ്ട്രീയബലം ഉപയോഗിക്കേണ്ടത് പൊതുജന നന്മയ്ക്ക് വേണ്ടിയാണ്, അക്രമത്തിനു വേണ്ടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജോജുവിന്റെ കാർ തകർത്തത് കേസിലെ രണ്ടാം പ്രതി ജോസഫാണെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. ഇയാളുടെ കൈയ്ക്ക് പരിക്കുണ്ട്. അക്രമത്തിനുപയോഗിച്ച വസ്തുക്കൾ കണ്ടെത്തേണ്ടതുണ്ട്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാവാനുമുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. മറ്റു പ്രതികൾ ഒളിവിലുമാണ്. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടില്ലെന്ന കാരണം പറഞ്ഞ് പ്രതിക്ക് ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കാർ തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ പി.ജി ജോസഫിന് ജാമ്യം നൽകരുതെന്ന് നടൻ ജോജു ജോർജ് ഇന്ന് ആവശ്യപ്പെട്ടിരുന്നു. ജോസഫിന്റെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇന്ന് രാവിലെയാണ് ജോജു കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

കാറിന്റെ ഡോർ ബലമായി തുറന്ന സമരക്കാർ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരുത്തിയെന്ന് ജോജു പറഞ്ഞു. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറഞ്ഞു. തനിക്കെതിരായ ആരോപങ്ങൾ തെറ്റാണെന്നും താരം വ്യക്തമാക്കി.

പ്രോസിക്യൂഷനും പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്തു. എന്നാൽ കേസിൽ ജോജു കക്ഷി ചേരേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രോസിക്യൂഷൻ പങ്കുവച്ചത്. എന്നാൽ, പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ജോസഫ് വാദിച്ചു. നേരത്തെ അപേക്ഷ സമർപ്പിച്ചതിന് ശേഷമാണ് ഉപരോധം നടത്തിയതെന്ന് പ്രതി വാദിച്ചു.

Similar Posts