അട്ടപ്പാടി മധുവധക്കേസ് ഇന്ന് കോടതിയിൽ; നീതി കിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബം
|127 സാക്ഷികളിൽ 24 പേർ കൂറുമാറിയിരുന്നു
പാലക്കാട്: അട്ടപ്പാടി മധുവധ കേസ് മണ്ണാർക്കാട് എ സി.എസ്.ടി കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു. തങ്ങൾക്ക് നീതികിട്ടുമെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ 30 വയസുകാരൻ മധുവിനെ ആൾക്കൂട്ടം തല്ലികൊന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മധു കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. 12 അംഗ സംഘം കാട്ടിൽ കയറി മധുവിനെ കള്ളനെന്ന് ആരോപിച്ച് മർദിച്ച് മുക്കാലിയിൽ എത്തിച്ചു. മുക്കാലിയിൽ വെച്ചും മധുവിന് മർദനമേറ്റു. കേസിൽ 16 പ്രതികളാണ് ഉള്ളത്. പ്രതികൾ ശിക്ഷിക്കപ്പെടും എന്ന് തന്നെയാണ് മധുവിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്.
സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാർക്ക് ശമ്പളവും മറ്റ് സൗകര്യങ്ങളും ഒരുക്കാത്തത് ഉൾപ്പെടെ വിവാദമായിരുന്നു. നാലാമത്തെ പ്രോസിക്യൂട്ടറാണ് നിലവിൽ കേസിനായി കോടതിയിൽ ഹാജറാകുന്നത്. 127 സാക്ഷികളിൽ 24 പേർ കൂറുമാറിയിരുന്നു. ആദിവാസിയായ മധുവിനെ ആൾക്കൂട്ടം തല്ലികൊന്ന സംഭവം കേരളം വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. കേസിന്റെ വിചാരണ നടപടികൾ നേരത്തെ പൂർത്തിയായതാണ്.