മധു മരിച്ചത് പൊലീസ് കസ്റ്റഡിയിലിരിക്കെ; വധക്കേസിലെ മജിസ്റ്റീരിയൽ റിപ്പോർട്ട് പുറത്ത്
|പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മധു മരിച്ചതെന്ന് രണ്ട് റിപ്പോർട്ടിലും പറയുന്നു
അട്ടപ്പാടി: മധുവധക്കേസിലെ രണ്ട് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകളും മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മധു മരിച്ചതെന്ന് രണ്ട് റിപ്പോർട്ടിലും പറയുന്നു. എന്നാൽ പൊലീസ് മർദ്ദിച്ചതിന്റെ തെളിവുകൾ ഇല്ല.
റിപ്പോർട്ട് തയ്യറാക്കിയവരെ പിന്നീട് വിസ്ത്തരിക്കും. മധു കൊല്ലപ്പെട്ട സമയത്ത് തന്നെ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന എം. രമേശനും,ഒറ്റപ്പാലം സബ്കലക്ടറായിരുന്ന ജറോമിക് ജോർജും അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. രണ്ട് റിപ്പോർട്ടുകളും ഇന്നാണ് കോടതിയിൽ ഹാജരാക്കിയത്.
പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മധു മരിച്ചത്. എന്നാൽ പൊലീസ് മധുവിനെ മർദ്ദിച്ചതിന്റെ യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നാണ് റിപ്പോർട്ടിലുള്ളത്. ക്രൂരമായ മർദ്ദനമേറ്റിരുന്നതിനാൽ പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ മധു അവശനായിരുന്നുവെന്നും മജിസ്റ്റീരിയൽ അന്വേഷണത്തിൽ കണ്ടെത്തി.
കേസ് ഫയലുകൾക്കൊപ്പം വേണ്ട മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ ഇല്ലാത്തത് അപാകതയാണെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് റിപ്പോർട്ടുകൾ മണ്ണാർക്കാട് എസ് സി-എസ്ടി കോടതി ആവശ്യപ്പെട്ടത്. അന്ന് ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ജറോമിക് ജോർജ് നിലവിൽ തിരുവനന്തപുരം ജില്ലാ കലക്ടറാണ്. ജുഡീഷ്യൽ മജിസ്‌ട്രേറ്റായിരുന്ന എം രമേശൻ വിരമിച്ചു. ഇരുവരെയും വിസ്ത്തരിക്കും.