അട്ടപ്പാടി മധു വധക്കേസ്; മൂന്ന് നിർണായക ഹരജികളിൽ വിധി ഇന്ന്
|കോടതി നടപടികൾ ചിത്രീകരിക്കണമെന്ന ഹരജിയിലും വിധി പറയും
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് നിർണായക ഹരജികളിൽ മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതി ഇന്ന് വിധി പറയും. കോടതി കാഴ്ച ശക്തി പരിശോധിപ്പിച്ച സുനിലിനെതിരെ നടപടി വേണമെന്ന ഹർജിയാണ് ഇതിൽ പ്രധാനം. കോടതി നടപടികൾ ചിത്രീകരിക്കണമെന്ന ഹരജിയിലും വിധി പറയും.
കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷികൾക്ക് എതിരെ നടപടി വേണമെന്ന ഹരജികളിൽ ഇന്ന് മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി വിധി പറയും. കണ്ണു പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനിൽകുമാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ബോധ്യപെട്ടിരുന്നു. സുനിൽ കുമാറിന്‍റെ കാഴ്ച്ച ശക്തിക്ക് പ്രശ്നങ്ങളില്ലെന്ന് ഡോക്ടറും കോടതിയിലെത്തി മൊഴി നൽകി. സുനിൽ കുമാറിനെ ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തിൽ കോടതി ഇന്ന് വിധി പറയും.
സ്വന്തം ദൃശ്യം തിരിച്ചറിയാതിരുന്ന സാക്ഷി അബ്ദുൽ ലത്തീഫിന്‍റെ ദൃശ്യങ്ങളും പാസ്പോര്‍ട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധക്ക് വിടണമോ എന്ന കാര്യത്തിലും കോടതി തീരുമാനം എടുക്കും. മധുവിന്‍റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോഡ് ചെയ്യണമെന്ന ഹരജിയിലും വാദം കഴിഞ്ഞു. പ്രോസിക്യൂഷനും മധുവിന്‍റെ അമ്മ മല്ലിയും നൽകിയ ഹരജിയിലും വിധി ഇന്ന് ഉണ്ടാകും. ഇന്ന് 69 മുതൽ 74 വരെയുള്ള ആറ് സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിൽ 5 സാക്ഷികൾ റവന്യൂ ഉദ്യോഗസ്ഥരാണ്.