അട്ടപ്പാടി മധുവിന്റെ കൊലപാതകം: പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
|പബ്ലിക് പ്രോസിക്യൂട്ടർ കൃത്യമായി കോടതിയിൽ ഹാജരാകാത്തത് വിചാരണ നീളാൻ പ്രധാന കാരണമായി
പാലക്കാട്: അട്ടപ്പാടിയിലെ മധു വധ കേസിന്റെ വിചാരണ വീണ്ടും പ്രതിസന്ധിയിൽ. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കും. പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം മാത്രം വിചാരണ നടപടികൾ തുടങ്ങിയാൽ മതി എന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം
മധുവിനെ ആൾകൂട്ടം തല്ലികൊന്നിട്ട് 4 വർഷം പിന്നിട്ടു. പബ്ലിക് പ്രോസിക്യൂട്ടർ കൃത്യമായി കോടതിയിൽ ഹാജരാകാത്തതാണ് വിചാരണ നീളാൻ പ്രധാന കാരണം. ഏറെ വിവാദങ്ങൾക്ക് ശേഷം നിയമിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സി.രാജേന്ദ്രൻ കോടതിയിൽ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്നാണ് മധുവിന്റെ അമ്മ മണ്ണാർക്കാട് എസി.എസ് ടി കോടതിയിൽ ആവശ്യപെട്ടത്. എന്നാൽ ഇതിനായി ഹൈക്കോടതിയെ സമീപിക്കനാണ് വിചാരണ കോടതി നിർദേശിച്ചത്. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപെട്ട് ഹൈക്കോടതിയിൽ തിങ്കളാഴ്ച്ച ഹരജി നൽകും.
122 സാക്ഷികളിൽ രണ്ട് പേരുടെ സാക്ഷിവിസ്താരം മാത്രമാണ് ഇതുവരെ നടന്നത്. മധുവിന്റെ ബന്ധുവായ ചന്ദ്രനും, നാട്ടുകാരനായ ഉണ്ണികൃഷ്ണനും മൊഴിമാറ്റി നൽകി. പണവും, സ്വാധീനവും ഉപയോഗിച്ച് സാക്ഷികളുടെ മൊഴിമാറ്റി കേസിലെ പ്രതികൾ രക്ഷപെടുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയോഗിക്കനാണ് സാധ്യത. ഇത് വൈകിയാൽ വിചാരണയും നീണ്ടു പോകും.