അട്ടപ്പാടി മധു കേസ്; പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം
|മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം. സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷനാണ് നിയമ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ കോടതിയിൽ വിചാരണ നീണ്ടു പോകുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്.
മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കവെ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചത്. കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി പിയ്ക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വിടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ കേസിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്നാണ് കേസിൽ ഹാജരാകാതിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വി.ടി രഘുനാഥ് വ്യക്തമാക്കി. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. എന്നാൽ നിലവിൽ കേസിന്റെ വിചാരണ നടപടികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്.