അട്ടപ്പാടി മധു കേസ്; രാജിവെച്ചതല്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
|ചികിത്സയിലായതിനാലാണ് കോടതിയില്‍ ഹാജരാകാനാവാതെ വന്നതെന്നും കേസില്‍ ബോധപൂര്‍വമായ അലംഭാവമുണ്ടായിട്ടില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ നിന്നും രാജിവെച്ചതല്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി ടി രഘുനാഥ്. ചികിത്സയിലായതിനാലാണ് കോടതിയില്‍ ഹാജരാകാനാവാതെ വന്നതെന്നും കേസില്‍ ബോധപൂര്‍വമായ അലംഭാവമുണ്ടായിട്ടില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഡിജിപിയ്ക്ക് കാരണം കാണിച്ച് കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചു.
അതേസമയം കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് കുടുംബത്തെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ അമ്മ പറഞ്ഞിരുന്നു. കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് രാജിവെച്ചിട്ടില്ലെന്ന് പറഞ്ഞ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് വന്നത്.
മധുവിന്റെ കേസ് വാദിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരാവാതിരുന്ന സാഹചര്യത്തിലാണ് കോടതി ചോദ്യം ഉന്നയിച്ചത്. എന്നാല്‍ കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ് സ്ഥാനമൊഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റുകയാണ് പിന്നീടുണ്ടായത്.
2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. എന്നാല്‍ നിലവില്‍ കേസിന്റെ വിചാരണ നടപടികള്‍ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും എറണാകുളത്ത് നിന്നും മണ്ണാര്‍ക്കാടെത്തി കേസ് വാദിക്കാന്‍ ചില പ്രയാസങ്ങളുണ്ടെന്നും കാണിച്ച് അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ തന്നെ ഈ വിവരം അറിയിച്ചതുമാണ്.
കോടതിയില്‍ ഫോര്‍മലായി മാത്രമാണ് അന്ന് കേസ് വി ളിച്ചത്. കോവിഡ് കാലത്ത് കോടതികളില്‍ കേസ് നടത്തുന്നത് നിര്‍ത്തി വെച്ചപ്പോള്‍ വിചാരണ നീണ്ടു പോയി. തുടര്‍ന്നാണ് ആരോഗ്യ നില മോശമായതെന്ന് വി ടി രഘുനാഥ് പറഞ്ഞു. കേസിലെ രേഖകള്‍ പ്രതികള്‍ക്ക് കൈമാറണമെന്ന് നിയമമുണ്ട്. എന്നാല്‍ ഈ കേസില്‍ അതുണ്ടായില്ല. പൊലീസിനോട് ആവശ്യപ്പെട്ടുട്ടും കാല താമസം നേരിടുന്നു. രേഖകള്‍ നല്കിയാല് മാത്രമേ വിചാരണ ആരംഭിക്കാന്‍ കവിയൂ എന്നും രഘുനാഥ് കൂട്ടിച്ചേർത്തു.
എന്നാല്‍ മധുവിന് വേണ്ടി ഇദ്ദേഹം തന്നെ ഹാജരാകണമെന്ന നിലപാടാണ് ഡിജിപി സ്വീകരിച്ചത്. ഇന്ന് കേസ് പരിഗണിക്കവെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. ഈ സമയത്താണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചത്.