അട്ടപ്പാടി മധു വധക്കേസ്: വിധി നാളെ
|അപൂർവതകൾ നിറഞ്ഞ വിചാരണ നടപടികൾക്ക് ഒടുവിലാണ് കേസിൽ വിധി പറയുന്നത്
പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ മണ്ണാർക്കാട് എസ്.സി-എസ് ടി കോടതി നാളെ വിധി പറയും. അപൂർവതകൾ നിറഞ്ഞ വിചാരണ നടപടികൾക്ക് ഒടുവിലാണ് കേസിൽ വിധി പറയുന്നത്. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അസാധാരണ നടപടിയും കേസിൽ ഉണ്ടായി .
ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട സംഭവത്തിൽ ഏറെ വൈകിയാണ് വിചാരണ നടപടികൾ ആരംഭിച്ചത്. കേരളം ഇന്ന് വരെ കേട്ടിട്ടില്ലാത്ത നിയമ പ്രശ്‌നങ്ങളിലൂടെയാണ് മധു കേസ് കടന്ന് പോയത്. ഹൈക്കോടതി ജാമ്യം നൽകിയ പ്രതികളുടെ ജാമ്യം മണ്ണാർക്കാട് SC - ST കോടതി റദ്ദാക്കിയ അപൂർവത മധു കേസിന് ഉണ്ടായി. പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ 12 പ്രതികൾ ലംഘിച്ചതായി പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കനായി. വിചാരണ കോടതി ജാമ്യം റദ്ദാക്കിയ ഒരാൾക്ക് മാത്രമാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പൊലീസ് കസറ്റഡിയിലിരിക്കെ ഒരാൾ മരിച്ചാൽ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് എങ്ങനെ വിചാരണ വേളയിൽ പ്രസക്തമാകുമെന്നതിനും മധുകേസ് സാക്ഷിയായി.
പ്രതിഭാഗത്തിന്റെ അഭിഭാഷകൻ തന്നെ ഭീഷണിപെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ രേഖപെടുത്തി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയായ സുനിൽകുമാറിനെ കോടതി കാഴ്ച പരിശോധനക്ക് അയച്ച സംഭവവും ഉണ്ടായി. മെഡിക്കൽ തെളിവുകൾക്കെപ്പം ഡിജിറ്റൽ തെളിവുകളും വിചാരണക്കിടെ വിശദമായി കോടതി പരിശോധിച്ചിരുന്നു.