അട്ടപ്പാടി മധു വധക്കേസ്: സുനിൽ കുമാറിന് കാഴ്ചക്കുറവില്ലെന്ന് പരിശോധനാ റിപ്പോർട്ട്
|താൽകാലിക വാച്ചറായിരുന്ന ഇയാളെ കൂറുമാറ്റത്തിന് പിന്നാലെ വനംവകുപ്പ് പിരിച്ചു വിട്ടിരുന്നു
മണ്ണാർക്കാട്: പാലക്കാട് അട്ടപ്പാടി മധുവധ കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിന് കാഴ്ചക്കുറവില്ലെന്ന് പരിശോധനാ റിപ്പോർട്ട്. വിശദമായ റിപ്പോർട്ട് പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കും.
സംഭവത്തിൽ കോടതിയുടെ തുടർനടപടികൾ നിർണായകമാണ്. കോടതിയെ കബളിപ്പിക്കൽ, കോടതിയുടെ സമയം നഷ്ടപ്പെടുത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ വിലയിരുത്തും. സുനിൽകുമാറിനോട് നാളെ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
മണ്ണാർക്കാട് എസ് സി- എസ് ടി കോടതിയുടെ നിർദേശപ്രകാരമാണ് സുനിൽ കുമാറിനെ കാഴ്ചാ പരിശോധനയ്ക്ക് വിധേയനാക്കിയത്. ആനവായ് ഫോറസ്റ്റ് സ്റ്റേഷനിലെ താൽകാലിക വാച്ചറായിരുന്ന ഇയാളെ കൂറുമാറ്റത്തിന് പിന്നാലെ വനംവകുപ്പ് പിരിച്ചു വിട്ടിരുന്നു.
മധുവിനെ മുക്കാലിയിൽ വെച്ച് ആൾകൂട്ടം മർദ്ദിക്കുന്നത് കണ്ടുവെന്നായിരുന്നു സുനിൽകുമാർ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇന്ന് കോടതിയിൽ മൊഴിമാറ്റി. ഇതോടെ മധുവിനെ ആക്രമിക്കുമ്പോൾ സുനിൽകുമാർ നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ചു. ദൃശ്യങ്ങൾ തനിക്ക് കാണാൻ കഴിയുന്നില്ലെന്ന് സുനിൽകുമാർ പറഞ്ഞതോടെ കാഴ്ച്ച പരിശോധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
കൂറുമാറിയ 4 മത്തെ വനം വകുപ്പ് വാച്ചറെയാണ് ജോലിയിൽ നിന്നും പിരിച്ച് വിടുന്നത്. ഇന്ന് കോടതിയിൽ ഹാജറാക്കിയ 31-ാം സാക്ഷിയായ ദീപുവും കൂറുമാറി. കേസിൽ ഇതുവരെ 16 പേരാണ് കൂറുമാറിയത്