വയനാട് പുനരധിവാസത്തെ അട്ടിമറിക്കാൻ പ്രതിപക്ഷ-ബിജെപി ശ്രമം; സമരത്തിനൊരുങ്ങി സിപിഎം
|ജില്ലാ കേന്ദ്രങ്ങളിലും വയനാട്ടിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് തുരങ്കംവെക്കാനാണ് പ്രതിപക്ഷത്തിന്റേയും ബി.ജെ.പിയുടേയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമമെന്ന് സിപിഎം. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, അർഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സമരം നടത്തുമെന്നും സിപിഎം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 24-ന് ജില്ലാ കേന്ദ്രങ്ങളിൽ ബഹുജന പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും. വയനാട് ജില്ലയിൽ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും കൂട്ടായ്മ സംഘടിപ്പിക്കും. ഈ മുദ്രാവാക്യമുയർത്തി സെപ്തംബർ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.
വയനാടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സർക്കാർ മാതൃകാപരവും, പ്രശംസനീയവുമായ നിലയിലാണ് സംഘടിപ്പിച്ചത്. വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ച് നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. വയനാടിന്റെ പുനരധിവാസത്തിന് വിശദമായ നിവേദനം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത്രമൊരു നിവേദനം തയ്യാറാക്കിയത്. കഴിഞ്ഞകാലങ്ങളിലുണ്ടായ ദുരന്ത സന്ദർഭങ്ങളിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിച്ച നിവേദനത്തിന്റെ അതേ മാതൃകയാണ് ഇപ്പോഴും പിന്തുടർന്നത്.
1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിർദ്ദേശമാണ് കേരളം കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിലുൾപ്പെടുത്തിയത്. ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം മറച്ചുവെച്ചാണ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്. കേരളത്തോടൊപ്പം പ്രകൃതി ദുരന്തത്തിലകപ്പെട്ട മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം അനുവദിച്ചപ്പോഴും കേരളത്തെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.