അന്വേഷണത്തിന്റെ ഘടന മാറ്റാനുള്ള ശ്രമം; ലോഡ്ജ് മുൻ ജീവനക്കാരിയുടെ വാദങ്ങൾ തള്ളി ജെസ്നയുടെ പിതാവ്
|മുൻ ജീവനക്കാരി പറയുന്നതിൽ വസ്തുതയില്ലെന്നും സി.ബി.ഐ കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും പിതാവ്
കോട്ടയം: .ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ കണ്ടെന്ന മുൻ ജീവനക്കാരിയുടെ വാദങ്ങൾ തള്ളി ജെസ്നയുടെ പിതാവ്. ലോഡ്ജിലെ മുൻ ജീവനക്കാരിയായ സ്ത്രീ പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്ന് പിതാവ് പറഞ്ഞു. 'ഒരുമാസം മുമ്പ് ഇതേ വിവരങ്ങളുമായി തന്നെ ചിലർ ബന്ധപ്പെട്ടിരുന്നു. വിവരമറിഞ്ഞപ്പോൾ സമാന്തര അന്വേഷണം നടത്തിയെങ്കിലും അതിലൊരു വാസ്തവവും ഇല്ലെന്ന് കണ്ടെത്തി'. അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഘടന മാറ്റാനുള്ള ശ്രമമാണ് ഇതെന്നും നിലവിൽ സി.ബി.ഐ കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് പറഞ്ഞു.
മുണ്ടക്കയത്തുള്ള ലോഡ്ജിൽ ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടെന്നായിരുന്നു മുൻ ജീവനക്കാരി പറഞ്ഞത്. യുവാവിനൊപ്പം 102-ാം നമ്പർ മുറിയിൽ താമസിച്ചിരുന്നു. പല്ലിൽ കമ്പിയിട്ടതാണ് ജെസ്നയെന്ന് സംശയിക്കാൻ കാരണം. ക്രൈംബ്രാഞ്ചിനോട് വിവരങ്ങൾ പങ്കുവെച്ചിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ജീവനക്കാരി പറഞ്ഞിരുന്നു.
എന്നാൽ, ജീവനക്കാരിയുടെ വാദം ലോഡ്ജ് ഉടമ തള്ളി. ആരോപണമുയർത്തിയ സ്ത്രീ ലോഡ്ജിൽ ലൈംഗിക തൊഴിൽ നടത്തിയിരുന്നു . ഇത് എതിർത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ഉടമ ബിജു പറഞ്ഞു.