വ്യാപാരികളെ വിലങ്ങുവെച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
|പൊലീസ് വേഷത്തിലെത്തിയാണ് പ്രതികള്‍ മുജീബിനെ കാറില്‍ വിലങ്ങുവെച്ച് പൂട്ടിയിട്ടത്
തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന മുജീബ് എന്ന വ്യാപാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് വേഷത്തിലെത്തി വിലങ്ങ് വെച്ച് വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. മുജീബിനെ വിലങ്ങുവെച്ച് കാറിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഇതോടെ മുജീബ് പുറത്തേക്ക് ചാടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ പ്രതികൾ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. വിനീത് നിലവിൽ സസ്പെൻഷനിലാണ്. അരുൺ ആംബുലൻസ് ഡ്രൈവറാണ്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.വ്യാപാരിയിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പണം തട്ടിയ കേസിലാണ് വിനീത് സസ്പെൻഷനിലായത്. ഈ സസ്പെൻഷൻ കാലാവധി തീരും മുമ്പാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്.