പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമം; മെഡിക്കൽ കോളജ് ജീവനക്കാർ കുറ്റക്കാരെന്ന് പൊലീസ്
|ആരോപണവിധേയരായ ജീവനക്കാരെ കഴിഞ്ഞ ദിവസം ജോലിയിൽ തിരിച്ചെടുത്തിരുന്നു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ജീവനക്കാർ കുറ്റക്കാരെന്ന് പൊലീസ്. പ്രതികൾ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാർക്ക് വീഴ്ചയുണ്ടായെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചത് ഏറെ ചർച്ചയായ സംഭവമായിരുന്നു. കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് അഞ്ച് ജീവനക്കാർ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്നത്. ഗ്രേഡ് വൺ അറ്റന്റർമാരായ ആസിയ എൻ.കെ, ഷൈനി ജോസ്, ഷലൂജ, അറ്റന്റർമാരായ പ്രസീത പനോളി, ഷൈമ.പി എന്നിവരാണ് യുവതിയെ ആദ്യം പ്രലോഭിപ്പിച്ചും പിന്നെ ഭീഷണിപ്പെടുത്തിയും പരാതിയിൽനിന്ന് പിൻമാറ്റാൻ ശ്രമിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ ജോലിയിൽനിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇവരെ തിരിച്ചെടുത്ത് ഉത്തരവിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ കുറ്റക്കാരെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവരുന്നത്. അഞ്ച് ജീവനക്കാരുടെ പേര് എടുത്തുപറഞ്ഞുകൊണ്ട് തന്നെയാണ് പൊലീസ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.