കോട്ടയത്ത് ഓട്ടം വിളിച്ച ശേഷം ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം
|ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി
കോട്ടയത്ത് ഓട്ടം വിളിച്ച ശേഷം ഓട്ടോ ഡ്രൈവറെ കൊല്ലാൻ ശ്രമം. ഡ്രൈവർ അഖിൽ ഓടി രക്ഷപെട്ടതോടെ ഓട്ടോ തീവെച്ച് നശിപ്പിച്ചു. ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി.
ഇന്നലെ രാത്രി 9.30ന് മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കര മെന്‍സ് ഹോസ്റ്റലിനടുത്താണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് പൊലീസിന്‍റെ പിടിയിലായത്. ഓട്ടോ ഡ്രൈവറായ പൈക സ്വദേശി അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അഖില്‍ ഓടി രക്ഷപ്പെട്ടതോടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിന് പോവുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് ഓട്ടോ വിളിച്ചത്. ആശുപത്രിക്കു സമീപത്തെ മുടിയൂര്‍ക്കര ജംഗ്ഷനിലെത്തിയപ്പോള്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്തെ എ ടൈപ്പ് ക്വാര്‍ട്ടേഴ്‌സ് റോഡിലേക്കു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോള്‍ കഴുത്തില്‍ പിടിച്ച് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു. ഓട്ടോ നിര്‍ത്തി പുറത്തേക്ക് ഓടിയ അഖില്‍ സമീപത്തെ കടയില്‍ വിവരം പറയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പൊള്ളലേറ്റതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.