Kerala
പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു
Kerala

പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

Web Desk
|
15 Aug 2023 9:30 AM GMT

വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്താണ് ഇരുവരെയും പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. തുടർന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കിൽ പിന്തുടർന്നെത്തി കുത്തുകയായിരുന്നു

കൊല്ലം: പത്തനാപുരത്ത് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പത്തനാപുരം സ്വദേശിനി രേവതിയെയാണ് ഭർത്താവ് ഗണേഷ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ രേവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. ഭർത്താവ് മലപ്പുറം സ്വദേശി ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പോലീസിന് കൈമാറി.

ഒൻപത് മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രശ്നങ്ങൾ കൊണ്ട് മൂന്ന് മാസമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു രേവതി. രണ്ടുദിവസങ്ങൾക്ക് മുൻപ് ഭാര്യയെ കാണാനില്ലെന്നും ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞ് ഗണേഷ് പത്തനാപുരം പോലീസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്താണ് ഇരുവരെയും പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. തുടർന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കിൽ പിന്തുടർന്നെത്തി കുത്തുകയായിരുന്നു. മുടിയിൽ പിടിച്ച് രേവതിയെ റോഡിന്റെ വശത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു.

വീണ്ടും ആക്രമിക്കാൻ ശ്രമിക്കവേ ഓട്ടോയിലെത്തി നാട്ടുകാരിലൊരാൾ ഗണേഷിനെ തടയുകയും ആളുകളെ വിളിച്ചുകൂട്ടുകയുമായിരുന്നു. നാട്ടുകാർ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി കൈകൾ രണ്ടും കെട്ടിയിട്ട ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ പത്തനാപുരം പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രേവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രേവതിയുടെ നില ഗുരുതരമാണ്.

Similar Posts