കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ മജീദിനെ നാട്ടിലെത്തിക്കാൻ ശ്രമം; കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കും
|പാസ്പോർട്ട് റദ്ദാക്കി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് ശ്രമം
കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ മജീദിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങി . പാസ്പോർട്ട് റദ്ദാക്കി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് ശ്രമം. ഐ.എസിലേക്ക് കടത്തുമെന്ന് ഭീഷണിപ്പെടുത്തിയന്ന് പരാതിക്കാരി മൊഴി നൽകിയതിനാൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
കുവൈറ്റിൽ നിന്ന് രക്ഷപ്പെട്ടെത്തിയ രണ്ട് പേരുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് മനുഷ്യക്കടത്ത് കേസ് അന്വേഷിക്കുന്നത്. ഇവർക്കൊപ്പം രക്ഷപെട്ട കൊല്ലം സ്വദേശിനി പരാതി നൽകിയിട്ടില്ലെങ്കിലും യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
ഗൾഫിലുള്ള മുഖ്യ സൂത്രധാരൻ മജീദിനെ നാട്ടിലെത്തിക്കുകയാണ് ആദ്യ കടമ്പ. പാസ്പോർട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഐഎസ്ലേക്ക് കടത്തുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ എൻ.ഐ.എ കേസ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. ഇൻറർപോളിൻറെ സഹായത്തോടെ മജീദിനെ എൻ.ഐഎക്ക് വേഗത്തിൽ നാട്ടിലെത്തിക്കാൻ കഴിയും.ജോലിക്ക് നിന്ന വീട്ടിലെ ആളുകളും മർദിച്ചുവെന്ന് യുവതി പറയുന്നുണ്ട്.
പൊലീസിൽ കീഴടങ്ങിയ ഒന്നാം പ്രതി അജുമോനെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. ഇതിനുവേണ്ടി എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി ഇന്ന് അപേക്ഷ നൽകും.