'എം.എല്‍.എക്കെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം'; കോവളം സി.ഐയെ സ്ഥലം മാറ്റി
|എല്‍ദോസ് കുന്നപ്പിള്ളിൽ എം.എല്‍.എക്കെതിരായ പരാതി ഒത്തുതീർപ്പാക്കാൻ എസ്.എച്ച്.ഒ ശ്രമിച്ചെന്ന് പരാതിക്കാരി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിൽ എം.എൽ.എക്കെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായ പരാതിയില്‍ കോവളം സി.ഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സ്റ്റേഷന് എസ്.എച്ച്.ഒ ജി പ്രൈജുവിനെ ആലപ്പുഴ പാണക്കാട് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. എല്‍ദോസ് കുന്നപ്പിള്ളിൽ എം.എല്‍.എക്കെതിരായ പരാതി ഒത്തുതീർപ്പാക്കാൻ എസ്.എച്ച്.ഒ ശ്രമിച്ചെന്ന് പരാതിക്കാരി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
അതെ സമയം എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എക്കെതിരെ മജിസ്ട്രേറ്റിന് നൽകിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി വ്യക്തമാക്കി. വീട്ടില്‍ പല തവണ മദ്യപിച്ചെത്തി എൽദോസ് ക്രൂരമായി മര്‍ദിച്ചതായും കേസ് ഒത്തുതീർക്കാൻ 30 ലക്ഷം വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. ക്രൈംബ്രാഞ്ച് പരാതിക്കാരിയുടെ മൊഴിയെടുത്തിട്ടുണ്ട്. അതിനിടെ പരാതി തെളിഞ്ഞാൽ എൽദോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.