കൊല്ലം ചടയമംഗലത്ത് രണ്ടു വീടുകളിൽ മോഷണ ശ്രമം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
|പോരേടം പള്ളിക്ക് സമീപമുള്ള നിസ്സാമിന്റെ വീട്ടിലും കല്ലടത്തണ്ണിയിലെ ഡോക്ടർ നാൻസിയുടെ വീട്ടിലുമാണ് കള്ളൻ കയറിയത്
കൊല്ലം ചടയമംഗലം പോരേടത്ത് രണ്ടു വീടുകളിൽ മോഷണ ശ്രമം. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പോരേടം പള്ളിക്ക് സമീപമുള്ള നിസ്സാമിന്റെ വീട്ടിലും കല്ലടത്തണ്ണിയിലെ ഡോക്ടർ നാൻസിയുടെ വീട്ടിലുമാണ് കള്ളൻ കയറിയത്. രണ്ട് വീടുകളിലും മാസങ്ങളായി ആൾത്താമസമില്ലായിരുന്നു. മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്നു. സാധനങ്ങൾ വലിച്ചുവാരിയിട്ടതല്ലാതെ വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല എന്നാണ് വിലയിരുത്തൽ. മോഷ്ടാവ് ബൈക്കിൽ സഞ്ചരിക്കുന്നതിന്റെയും വീടിന്റെ കതക് കുത്തിത്തുറക്കുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. നിമിഷ നേരം കൊണ്ടാണ് കതക് കുത്തിത്തുറക്കുന്നത്. പകൽസമയത്ത് കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് കള്ളന്റെ രീതി എന്നാണ് പൊലീസിന്റെ അനുമാനം. ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.