പണ്ടാര അടുപ്പിൽ തീ പകർന്നു; പൊങ്കാല പുണ്യം തേടി ലക്ഷങ്ങള്‍, ഭക്തിസാന്ദ്രമായി അനന്തപുരി
|ഉച്ചക്ക് 2:30 ന് നിവേദ്യ ചടങ്ങ് നടക്കും
തിരുവനന്തപുരം: ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിനിർത്തി ആറ്റുകാൽ പൊങ്കാലയുടെ പണ്ടാര അടുപ്പിൽ തീ പകർന്നു. രാവിലെ 10.30ഓടെയായിരുന്നു പണ്ടാര അടുപ്പിലേക്ക് തീ പകർന്നത്. തുടർന്ന് ഭക്തർ ഒരുക്കിയ അടുപ്പുകളിലേക്കും ദീപം പകർന്നു. ഉച്ചക്ക് 2:30 ന് നിവേദ്യ ചടങ്ങ് നടക്കും. പണ്ടാര അടുപ്പിൽ തയ്യാറാക്കി പൊങ്കാല നിവേദിച്ച ശേഷം ഭക്തരുടെ നിവേദ്യങ്ങളില് തീർഥം പകരും.
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം പൊതു ഇടങ്ങളിൽ പൊങ്കാല അർപ്പിക്കാൻ അവസരമുള്ളതിനാൽ മുൻകാലങ്ങളെക്കാൾ കൂടുതൽ പേരാണ് എത്തിയത്. സിനിമ സീരിയൽ രംഗത്തെ പ്രമുഖരും പൊങ്കാലയർപ്പിക്കാനാെത്തിയിട്ടുണ്ട്. കേരളത്തിന്റെ നാനാദിക്കിൽ നിന്നും ഇന്ത്യയുടെ പല ഭാഗത്തുനിന്നും പൊങ്കാലയർപ്പിക്കാനായി ഭക്തജനങ്ങൾ എത്തിയിട്ടുണ്ട്.
കനത്ത ചൂടായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടക്കിടക്ക് വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് ഭക്തർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനതിരക്ക് നിയന്ത്രിക്കാനായി ആയിരക്കണക്കിന് പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.