മറയൂര്‍ ചന്ദന ലേലത്തില്‍ 37.22 കോടി രൂപയുടെ വില്‍പന
|നാല് ഘട്ടങ്ങളിലായി നടക്കുന്ന ഇ- ലേലത്തിൽ 169 ലോട്ടുകളിലായി 68.632 ടണ്‍ ചന്ദനമാണ് ലേലത്തില്‍ വച്ചത്
ഇടുക്കി: ഇടുക്കി മറയൂര്‍ ചന്ദന ലേലത്തില്‍ 37.22 കോടി രൂപയുടെ വില്‍പന. ഓണ്‍ലൈനായി നടന്ന ലേലത്തില്‍ ഒൻപത് സ്ഥാപനങ്ങൾ പങ്കെടുത്തു. ഈ വർഷത്തെ രണ്ടാമത്തെ ലേലമാണിത്.
നാല് ഘട്ടങ്ങളിലായി നടക്കുന്ന ഇ- ലേലത്തിൽ 169 ലോട്ടുകളിലായി 68.632 ടണ്‍ ചന്ദനമാണ് ലേലത്തില്‍ വച്ചത്. മൂന്ന് സെഷനുകളിലായി 30467.25 കിലോഗ്രാം ചന്ദനം വിൽപ്പന നടത്തി. ക്ലാസ് ഫോർ ഇനത്തില്‍പ്പെട്ട ഗോട്ടിയ ചന്ദനത്തിന് ഏറ്റവും ഉയര്‍ന്ന വിലയായ 15711 രൂപ ലഭിച്ചു. സാപ്പ് വുഡ് ബില്ലറ്റിന് ലഭിച്ച 225 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ലേലത്തില്‍ പങ്കെടുത്ത കര്‍ണാടക സോപ്സ് 27 കോടി രൂപയ്ക്ക് 25 .99 ടൺ ചന്ദനമാണ് വാങ്ങിയത്. ജയ്പൂര്‍ സി.എം.ടി ആര്‍ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്പൂര്‍ ക്ലൗഡ്സ്, തൃശൂർ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, ഔഷധി,തുടങ്ങിയ സ്ഥാപനങ്ങളും വിവിധ ക്ഷേത്രങ്ങളും ലേലത്തിൽ പങ്കെടുത്തു.
വനം വകുപ്പിൻ്റെ ചന്ദന റിസർവിൽ ഉണങ്ങി നിൽക്കുന്നതും മറിഞ്ഞു വീഴുന്നതുമായ മരങ്ങളാണ് പ്രധാനമായും ലേലത്തിൽ വെച്ചത്. ചന്ദനക്കടത്തുകാരിൽ നിന്ന് പിടികൂടുന്ന ഉരുപ്പടികളും ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ ചന്ദനത്തടികളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വർഷത്തെ രണ്ടാമത്തെ ലേലമാണിത്. മാർച്ചിൽ നടന്ന ആദ്യ ലേലത്തിൽ 31 കോടിയുടെ ചന്ദനമാണ് വിറ്റഴിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായ മെറ്റല്‍ ആന്‍റ് സ്‌കാര്‍പ്പ് ട്രേഡിങ്ങ് കമ്പനിക്കാണ് ലേലത്തിൻ്റെ നടത്തിപ്പ് ചുമതല.