Kerala
kollam girl missing,kollam girl missing today,kollam kid kidnapping,kollam kid kidnap news,abigel sara reji missing,6 year old kid abducted from kollam,abigel sara reji missing case,latest malayalam news,ഓട്ടോ ഡ്രൈവറുടെ മൊഴി,കൊല്ലം,അബിഗേല്‍ സാറ റെജി,അബിഗേല്‍
Kerala

''മുഖം മറച്ചിട്ടാണ് സ്ത്രീ കയറിയത്, എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലായിരുന്നു''; ഓട്ടോ ഡ്രൈവറുടെ മൊഴി

Web Desk
|
28 Nov 2023 1:58 PM GMT

''കുട്ടി വളരെ ക്ഷീണിതയായിരുന്നു,ഒരക്ഷരം മിണ്ടിയിരുന്നില്ല,വീഡിയോ കണ്ടപ്പോഴാണ് സംശയം തോന്നിയത്''

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറ റെജിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിൽ. കൊല്ലം ആശ്രാമം മൈതാനിയിൽ പ്രതികൾ ഉപേക്ഷിച്ച കുട്ടിയെ നാട്ടുകാരാണ് തിരിച്ചറിഞ്ഞത്. പിന്നീടാണ് ഇവർ ഓട്ടോറിക്ഷയിലാണ് എത്തിയതെന്ന് തെളിഞ്ഞത്. കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ സജീവന്‍റെ ഓട്ടോറിക്ഷയിലാണ് സ്ത്രീ അബിഗേലിനെയും കൊണ്ട് എത്തിയത്. എന്നാല്‍ ഇത് കാണാതായ കുട്ടിയാണെന്ന് അറിയില്ലായിരുന്നെന്നും കുട്ടിയെ കണ്ടെത്തിയ വീഡിയോ കണ്ടപ്പോഴാണ് താന്‍ കൊണ്ടുവിട്ടവരല്ലേയെന്ന് തിരിച്ചറിയുന്നതെന്നും സജീവന്‍ മീഡിയവണിനോട് പറഞ്ഞു.

''ഉച്ചക്ക് ഒന്നരയോടെയാണ് ലിങ്ക് റോഡില്‍ വെച്ച് സ്ത്രീയും കുട്ടിയും ഓട്ടോറിക്ഷക്ക് കൈകാണിക്കുന്നത്. മുഖം മറച്ചാണ് സ്ത്രീ ഓട്ടോറിക്ഷയില്‍ കയറിയത്. എങ്ങോട്ട് പോകണമെന്ന് ചോദിച്ചപ്പോൾ ആശ്രാമം മൈതാനത്തേക്ക് എന്നാണ് പറഞ്ഞത്. മുഖം വ്യക്തമായി കാണുന്നില്ലായിരുന്നു. ഇളം മഞ്ഞനിറത്തിലുള്ള ചുരിദാറും വെള്ള ഷാളുമാണ് ധരിച്ചിരുന്നത്. കുട്ടി നല്ലോണം പാടുപെട്ടിട്ടാണ് ഓട്ടോറിക്ഷയില്‍ കയറിയതും ഇറങ്ങിയതും. കുട്ടിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. ഓട്ടോറിക്ഷയില്‍ കയറിയതുമുതല്‍ കുട്ടി ഒന്നും മിണ്ടിയിരുന്നില്ല. ആശ്രാമം മൈതാനത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയ വാർത്തയും വീഡിയോയും കണ്ടപ്പോഴാണ് സംശയം തോന്നിയത്. ഞാൻ നേരത്തെ കൊണ്ടുവിട്ട സ്ത്രീയും കുട്ടിയും ഇത് തന്നെയാണോ എന്ന് തോന്നി. കുട്ടിയുടെ വേഷം കണ്ടപ്പോഴാണ് ഇത് തന്നെയാണ് സ്ഥിരീകരിച്ചത്. കുട്ടിയെ കണ്ടുകിട്ടിയതിൽ വളരെ സന്തോഷം. കാണാതായ കുട്ടിയാണെന്ന് എന്തെങ്കിലും സൂചന നേരത്തെ കിട്ടിയിരുന്നെങ്കിൽ അവരെ രക്ഷപ്പെടാൻ അനുവദിക്കില്ലായിരുന്നു.കുട്ടിയും സ്ത്രീയും എന്‍റെ ഓട്ടോറിക്ഷയിലാണ് വന്നതെന്ന കാര്യം താന്‍ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്.'' ..സജീവന്‍ മീഡിയവണിനോട് പറഞ്ഞു.

അബിഗേലിനെ ഇന്നലെ വൈകിട്ട് നാലരയോടെയാണ് വീടിനു സമീപത്ത് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.കുട്ടിയെ തട്ടിക്കൊണ്ടു പോയ വിവരം സഹോദരൻ ജോനാഥനാണ് ആളുകളെ അറിയിച്ചത്. തുടർന്ന് വിപുലമായ അന്വേഷണം നടത്തുകയും ചെയ്തു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കുട്ടിയെ കൊല്ലം ആശ്രാമത്തിൽ നിന്നും നാട്ടുകാര്‍ കണ്ടെത്തിയത്. കൊല്ലം എആർ ക്യാമ്പിലേക്ക് മാറ്റിയ കുട്ടി കുടുംബത്തെ കണ്ടു. ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും ചെയ്തു. അബിഗേലിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് എഡിജിപി എംആർ അജിത്കുമാർ പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചത് വേറെ വഴിയില്ലാത്തതിനാലാണ്. പൊലീസിന്റെ ജാഗ്രതയും മാധ്യമങ്ങളുടെ ഇടപെടലും കുട്ടിയെ വേഗത്തിൽ തിരിച്ചുകിട്ടാൻ സഹായകരമായെന്നും എ.ഡി.ജി.പി പറഞ്ഞു.



Similar Posts