ഓട്ടോറിക്ഷ ഒഴുക്കില്‍പ്പെട്ടു; നാട്ടുകാര്‍ യാത്രക്കാരെ രക്ഷിച്ചത് അതിസാഹസികമായി
|ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് നാട്ടുകാര്‍ക്ക് യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാനായത്.
തിരുവനന്തപുരം അമ്പൂരിയില്‍ ഓട്ടോറിക്ഷ ഒഴുക്കില്‍പ്പെട്ടു. അതിസാഹസികമായാണ് നാട്ടുകാര്‍ യാത്രക്കാരെ രക്ഷിച്ചത്.
അമ്പൂരി ചാപ്പാറയിലാണ് സംഭവം. വെള്ളക്കെട്ടില്‍പ്പെട്ട് ഒഴുകിപ്പോകുമെന്ന അവസ്ഥയിലായിരുന്നു ഓട്ടോ. കയര്‍ കെട്ടി വലിച്ചാണ് വെള്ളക്കെട്ടില്‍ നിന്നും ഓട്ടോ പുറത്തെത്തിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് നാട്ടുകാര്‍ക്ക് യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാനായത്.
22 ദിവസം പ്രായമുള്ള കുഞ്ഞടക്കം 6 പേരെ രക്ഷപ്പെടുത്തി
തിരുവനന്തപുരത്ത് മുടവന്‍മുകളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട ഒരു കുടുംബത്തിലെ ആറ് പേരെ രക്ഷിച്ചു. വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. വീടിനുളളിൽ അകപ്പെട്ട 22 ദിവസം പ്രായമുള്ള കുഞ്ഞടക്കം 6 പേരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വീട് പൂർണമായും തകർന്നു. ലീല (80 വയസ്), ബിനു, ഉണ്ണികൃഷ്ണൻ, സന്ധ്യ, ജിതിൻ, 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ലീല, ഉണ്ണികൃഷ്ണൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങിപ്പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം കോൺക്രീറ്റും മണ്ണും നീക്കം ചെയ്തും കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചുമാണ് പുറത്തെടുത്തത്.
വിതുര പേപ്പാറ വാർഡിലെ മീനാങ്കൽ ഭാഗത്തെ വീടുകളിൽ വെള്ളം കയറി. രണ്ട് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.