ഓട്ടോ, ടാക്സി നിരക്ക് കൂട്ടി; ഓട്ടോ മിനിമം ചാര്‍ജ് 30 രൂപ
|മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിനും എൽഡിഎഫ് അംഗീകാരം നൽകി
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയ്ക്കൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടി. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. നേരത്തെ മിനിമം ചാര്‍ജ് 15 രൂപയായിരുന്നു. മിനിമം ചാര്‍ജിനു ശേഷമുള്ള കിലോമീറ്റര്‍ നിരക്ക് 15 രൂപയാണ്. ഇത് നേരത്തെ 12 രൂപയായിരുന്നു.
ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. 1500 സിസിക്ക് മുകളിൽ 200ൽ നിന്ന് 225 രൂപയാക്കി. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 രൂപയാക്കും. രാത്രികാല യാത്രക്ക് നിലവിലുള്ള ചാർജ് തുടരും.
മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിനും എൽഡിഎഫ് അംഗീകാരം നൽകി. പിന്നീടുന്ന ഓരോ കിലോമീറ്ററിനും 1 രൂപ വര്‍ധിപ്പിക്കും. എന്നാൽ വിദ്യാർഥി കൺസഷൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. കൺസഷൻ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാൻ കമ്മീഷനെ നിയമിക്കും.
അതസമയം ബസ് ചാർജ് നിരക്ക് വർധന തൃപ്തികരമല്ലെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. ബസിൽ കയറുന്ന 70 ശതമാനത്തോളം യാത്രക്കാര്‍ വിദ്യാർഥികളാണ്. അവരുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോവാനാവില്ല. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു.