ഓട്ടോറിക്ഷ വാടക ഗൂഗിൾ പേ വഴി വാങ്ങി; ഡ്രൈവറുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
|അക്കൗണ്ടിൽ പണമുണ്ടായിട്ടും ഭാര്യയുടെ പ്രസവത്തിനായി പലരിൽ നിന്നും പണം കടം വാങ്ങുകയാണ് ഫിറോസ്
പാലക്കാട്: ഓട്ടോറിക്ഷ വാടക വാങ്ങിയതോടെ ഓട്ടോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ട് മരവിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി ഫിറോസിന്റെ അക്കൗണ്ടാണ് 4 മാസമായി പ്രവർത്തന രഹിതമായത്. ഗുജറാത്തിലെ പൊലീസ് മുഖേന പരാതിക്കാരന് പണം നൽകിയിട്ടും അക്കൗണ്ട് പ്രവർത്തനക്ഷമമായിട്ടില്ല. അക്കൗണ്ടിൽ പണമുണ്ടായിട്ടും ഭാര്യയുടെ പ്രസവത്തിനായി പലരിൽ നിന്നും പണം കടം വാങ്ങുകയാണ് ഫിറോസ്.
വിദ്യാത്ഥികളെ സ്കൂളിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോകാറുള്ള ഫിറോസിന് ഒരു കുട്ടിയുടെ പിതാവ് വാടക ഇനത്തിൽ 900 രൂപ ഗൂഗിൾ പേ വഴി നൽകി. ഇതൊടെ ഫെഡറൽ ബാങ്ക് അക്കൗണ്ട് ഫ്രീസായി. വല്ലപ്പുഴ ബ്രാഞ്ചിലെത്തി പരാതി നൽകിയെങ്കിലും ഗുജറാത്തിലെ സൂറത്തിലെ പൊലീസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന മറുപടിയാണ് ലഭിച്ചത്. 900 രൂപ പരാതിക്കാരന് നൽകിയാൽ പ്രശ്നം പരിഹരിക്കുമെന്ന മറുപടിയാണ് പൊലീസ് നൽകിയത്. പണം നൽകി ഒരു മാസം കഴിഞ്ഞെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
ഭാര്യയുടെ പ്രസവത്തിനുള്ള ആശുപത്രി ചിലവ് ലക്ഷ്യം വെച്ച് ഫിറോസ് കുറി ചേർന്നിരുന്നു. ഒരു ലക്ഷത്തോളം രൂപ അക്കൗണ്ടിലുണ്ടെങ്കിലും ഭാര്യയുടെ പ്രസവത്തിന് പലരിൽ നിന്നും കടം വാങ്ങേണ്ടിവന്നു. ഓട്ടോറിക്ഷ ഓടിച്ച് എന്ന് കടം വിട്ടാനാകുമെന്ന ആശങ്കയിലാണ് ഫിറോസ്. ബാങ്ക് അധികൃതരിൽ നിന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ഫിറോസ് പറയുന്നു.