'മുഖ്യമന്ത്രി വന്നപ്പോൾ മഴപോലും മാറിനിന്നു'; പിണറായിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് വിട്ട എ.വി ഗോപിനാഥ്
|സ്ഥലം എം.പിയായ രമ്യ ഹരിദാസിനെ അടക്കം കോൺഗ്രസ് നേതാക്കളെ പൂർണമായും ഒഴിവാക്കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വികസനകാര്യത്തിൽ എ.വി ഗോപിനാഥിനെപ്പോലുള്ളവർ സഹകരിക്കുന്നത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി മുൻ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്. വികസനകാര്യത്തിൽ തന്റെ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ മുഴുവൻ മുഖ്യമന്ത്രിക്കൊപ്പമാണെന്നും തന്റെ ആത്മസുഹൃത്തായ കെ.വി തോമസ് പോലും ഇക്കാര്യം പറയുന്നുണ്ടെന്നും എ.വി ഗോപിനാഥ് പറഞ്ഞു. ഒളപ്പമണ്ണ സാംസ്‌കാരിക മന്ദിരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു ഗോപിനാഥിന്റെ പ്രശംസ.
നേരത്തെ ഈ പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. സ്ഥലം എം.പിയായ രമ്യ ഹരിദാസിനെ അടക്കം കോൺഗ്രസ് നേതാക്കളെ പൂർണമായും ഒഴിവാക്കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വികസനകാര്യത്തിൽ എ.വി ഗോപിനാഥിനെപ്പോലുള്ളവർ സഹകരിക്കുന്നത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയും കൂടുതൽ സഹകരിക്കാൻ തയ്യാറാവുകയാണെങ്കിൽ അതും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഗോപിനാഥ് അടക്കമുള്ളവരെ സിപിഎമ്മിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
പുതിയ ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എ.വി ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചത്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്ന് ഗോപിനാഥ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിസിസി പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തായിരുന്നു നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ചത്. എന്നാൽ എ.വി തങ്കപ്പനെയാണ് ഡിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി.
ഡിസിസി പ്രസിഡന്റ്, കെപിസിസി അംഗം, 43 വർഷം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ഗോപിനാഥ് ആലത്തൂരിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയും ആയിട്ടുണ്ട്.