ആവിക്കൽ തോട് സമരം; സർക്കാരിന്റെ തീവ്രവാദ ചാപ്പയെ പ്രതിരോധിക്കുമെന്ന് ജനകീയ സമരസമിതി
|സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി
കോഴിക്കോട്: ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാൻറിനെതിരായ സമരത്തെ തീവ്രവാദ മുദ്രകുത്താനുള്ള സർക്കാർ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് ജനകീയ സമര സമിതി. താത്കാലികമായി നിർത്തിവെച്ച നിർമാണ പ്രവർത്തികൾ പുനരാരംഭിക്കുന്ന മുറക്ക് സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് താത്കാലികമായി നിർമ്മാണ പ്രവർത്തികൾ നടക്കുന്നില്ലെങ്കിലും പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് സമര സമിതിയുടെ തീരുമാനം.
അതിനിടെ പദ്ധതി പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്നിരുന്ന ഇരുമ്പുമറകൾ കരാറുകാർ തന്നെ തിരിച്ചു കൊണ്ടു പോയി.
മാലിന്യ സംസ്കരണ പ്ലാൻറിനെതിരായ സമരത്തിൽ വിവിധ രാഷ്ട്രീയ മത വിഭാഗങ്ങളിൽ നിന്നുള്ളവരെ അണി നിരത്തിയാണ് കോർപ്പറേഷൻറെയും സർക്കാറിൻറെയും തീവ്രവാദ ചാപ്പയെ സമരക്കാർ പ്രതിരോധിക്കുന്നത്. ആദ്യം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദും പിന്നീട് മന്ത്രി എം വി ഗോവിന്ദനുമാണ് സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്ന് ആരോപിച്ചത്. ഇരുവർക്കുമെതിരെ ശക്തമായ പ്രതിഷേധം തന്നെ ആവിക്കലിൽ നടന്നു.