ആവിക്കൽതോട് മാലിന്യപ്ലാന്റ്: മേയർക്ക് പ്രദേശവാസികളുടെ തുറന്ന കത്ത്
|തിരുവനന്തപും മുട്ടത്തറയിൽ മാലിന്യ പ്ലാന്റ് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേരിട്ട് കണ്ടുമനസ്സിലാക്കിയെന്നും വേണമെങ്കിൽ മേയറെയും നാട്ടുകാരുടെ ചെലവിൽ കൊണ്ടുപോയി കാണിച്ചുതരാമെന്നും ഇവർ പറയുന്നു.
കോഴിക്കോട്: ആവിക്കൽതോട് മലിനജല പ്ലാന്റ് നിർമാണവുമായി മുന്നോട്ടുപോകാനുള്ള കോർപറേഷന്റെ തീരുമാനത്തിനെതിരെ മേയർക്ക് പ്രദേശവാസികളുടെ തുറന്ന കത്ത്. തങ്ങളല്ല, ഇന്നാട്ടുകാരെ എളുപ്പം പറ്റിക്കാമെന്ന് കരുതി ഇങ്ങോട്ടുവന്ന നിങ്ങളാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്ന് കത്തിൽ പറയുന്നു. തിരുവനന്തപും മുട്ടത്തറയിൽ മാലിന്യ പ്ലാന്റ് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേരിട്ട് കണ്ടുമനസ്സിലാക്കിയെന്നും വേണമെങ്കിൽ മേയറെയും നാട്ടുകാരുടെ ചെലവിൽ കൊണ്ടുപോയി കാണിച്ചുതരാമെന്നും ഇവർ പറയുന്നു. അവസാന ശ്വാസംവരെയും മാലിന്യപ്ലാന്റ് പദ്ധതി അനുവദിക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.
കത്തിന്റെ പൂർണരൂപം:
പ്രിയപ്പെട്ട മേയർ ബീന ഫിലിപ്പ് അവറുകളെ,
ഇന്നത്തെ നിങ്ങളുടെ പ്രസ്താവന മുൻനിർത്തി നിങ്ങൾക്കു മുൻപിൽ ഞങ്ങളുടെ നാട് സമർപ്പിക്കുന്നു !
ഞങ്ങൾക്ക് വലുതാണ് മേയറേ...
കണ്ടവന്റെ ഉച്ഛിഷ്ടം ഞങ്ങളുടെ തലയ്ക്കുമുകളിലിടാൻ നോക്കുമ്പോ കയ്യും കെട്ടി നോക്കി നിൽക്കാൻ മാത്രം ഗതികെട്ടവരല്ല മേയറെ ഞങ്ങൾ. നിങ്ങൾ പറഞ്ഞല്ലോ ഞങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതാണെന്ന്. യാഥാർഥ്യം അങ്ങനെയല്ല മേയറേ... ഇന്നാട്ടുകാരെ എളുപ്പത്തിൽ പറ്റിക്കാമെന്ന് നിങ്ങളെയാരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവും. അതുമല്ലെങ്കിൽ സീവേജ് പ്ലാന്റ് കാണിക്കാൻ അങ്ങോട്ട് പണം കൊടുത്ത് നിങ്ങൾ ബസ്സു നിറയെ കൊണ്ടുപോയ വിഡ്ഢികൾ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവും.
മുന്നിലും പിന്നിലുമായി നിങ്ങൾക്കുള്ള ഡിഗ്രിയുടെ ഹുങ്കും കൊണ്ട്, വെറുമൊരു ഡമ്മിയായി ആ സ്ഥാനത്ത് നിങ്ങളെ നിർത്തിയ പാർട്ടിയുടെ ധാർഷ്ട്യം കൊണ്ട്, ഞങ്ങളെ ഒറ്റുകൊടുത്ത് വാങ്ങിയ ലക്ഷങ്ങളുടെ പിൻബലം കൊണ്ട് നിങ്ങൾക്ക് ഞങ്ങൾ പോരായെന്ന് തോന്നുന്നെങ്കിൽ നിങ്ങളുടെ കണ്ണട മാറ്റാൻ സമയമായി മേയറേ...
ഞങ്ങളും പോയി മേയറേ, ഞങ്ങളുടെ കയ്യിലെ കാശും കൊടുത്ത്, ഞങ്ങളുടെ ദിവസക്കൂലി കളഞ്ഞ്, ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ പട്ടിണിയായിപ്പോകുന്ന ഞങ്ങളുടെ കുടുംബങ്ങളുടെ കണ്ണീര് വകവെക്കാതെ തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിൽ. അവിടുത്തെ ജനങ്ങളുടെ കണ്ണീര് ഞങ്ങൾ കാണുകയും പകർത്തിയെടുക്കുകയും ചെയ്തിട്ടുണ്ട് മേയറെ...
നിങ്ങൾ ആളുകളുടെ ലിസ്റ്റിട്ടോളൂ...നിങ്ങൾ ഒരു രൂപപോലും മുടക്കേണ്ടതില്ല. ഞങ്ങൾ നിങ്ങളെ സൗജന്യമായി കൊണ്ടുപോകാം... തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിലേക്ക്. അവിടുത്തെ ജീവിതങ്ങളുടെ നേർക്കാഴ്ച നിങ്ങളെ ബോധ്യപ്പെടുത്താൻ. ഉള്ളുരുകിയുള്ള അവിടുത്തുകാരുടെ ശാപവാക്കുകൾ കേൾക്കാൻ. നിങ്ങളുൾപ്പടെ വരാൻ തയാറാവുന്ന മുഴുവൻ പേരുടെയും ഒരുദിവസത്തെ വേതനം ഞങ്ങൾ നിങ്ങൾക്ക് നൽകാം. ഞങ്ങൾ അതിനുവേണ്ടി ബക്കറ്റെടുക്കേണ്ടി വന്നാൽപോലും നിങ്ങളുടെയൊന്നും ഒരു ചില്ലിക്കാശുപോലും ഞങ്ങൾക്ക് വേണ്ട. നിങ്ങൾ ഞങ്ങളോടൊപ്പം വരാൻ തയാറുണ്ടോ??
കാറ്റിന് മീനിന്റെ മണമുള്ളതുകൊണ്ടാണോ മേയറെ നിങ്ങൾ ഞങ്ങളെയിങ്ങനെ അവഹേളിക്കുന്നത്. ഞങ്ങളുടെ നാട് ഞങ്ങൾക്ക് അഭിമാനം തന്നെയാണ് മേയറെ... അതുകൊണ്ട് തന്നെ ഞങ്ങളുടെ നാടിനെ ഇല്ലാതാക്കുന്ന ഒരു പദ്ധതിയും നടപ്പിലാക്കുവാൻ ഞങ്ങളുടെ ഞരമ്പിൽ ചോരയോടുന്ന കാലത്തോളം നിങ്ങൾക്ക് സാധിക്കില്ല. ഞങ്ങളുടെ ശ്വാസത്തിൽ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്കതിന് സാധിക്കില്ല.