Kerala
dalit student
Kerala

വിദ്യാഭ്യാസം നിഷേധിക്കില്ല; ദലിത് പെൺകുട്ടികൾക്ക് മറ്റ് സ്കൂളുകളിൽ അഡ്മിഷൻ നൽകും, പട്ടിക ജാതി വകുപ്പ് ഉത്തരവിറക്കി

Web Desk
|
14 Aug 2024 6:09 AM GMT

വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ സ്പോർട്സ് സ്കൂളിൽ റാങ്ക് പട്ടികയിൽ കൃത്രിമം കാണിച്ചെന്നായിരുന്നു കുട്ടികളുടെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണിയിൽ സർക്കാർ സ്പോർട്സ് സ്കൂളിൽ ദലിത് പെൺകുട്ടികൾക്ക് അഡ്മിഷൻ നിഷേധിച്ചതിൽ പട്ടികജാതി വികസന വകുപ്പിന്‍റെ ഇടപെടൽ. പെൺകുട്ടികളുടെ പഠിക്കാനുള്ള അവസരം നിഷേധിക്കില്ല. വകുപ്പിന് കീഴിലുള്ള മറ്റു സ്പോർട്സ് സ്കൂളുകളിൽ കുട്ടികൾക്ക് അഡ്മിഷൻ നൽകിക്കൊണ്ട് ഉത്തരവിറങ്ങി.

വകുപ്പിന് കീഴിലെ പത്തനംതിട്ട തിരുവല്ലത്തെയും ഇടുക്കി നെടുങ്കണ്ടത്തെയും സ്പോർട്സ് സ്കൂളുകളിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നൽകുക. ഇതിനായി സ്പോർട്സ് കൗൺസിൽ നടത്തുന്ന സെലക്ഷൻ ട്രയലിൽ കുട്ടികൾ പങ്കെടുക്കണം. ഇതിനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസറെ ചുമതലപ്പെടുത്തി. ഇത് പ്രാവർത്തികമായില്ലെങ്കിൽ മറ്റു റസിഡൻഷ്യൽ സ്കൂളുകളിൽ കുട്ടികളുടെ പഠനം ഉറപ്പാക്കാനും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. മീഡിയവൺ വാർത്തയെ തുടർന്നാണ് ഇടപെടൽ.

സംഭവത്തില്‍ വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ സ്പോർട്സ് സ്കൂളിൽ സൂപ്രണ്ടിനെ ഉപരോധിച്ച് ദലിത് കുട്ടികള്‍ പ്രതിഷേധിച്ചിരുന്നു. മെറിറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനക്കാരായ കുട്ടികളുടെ അഡ്മിഷൻ നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. പട്ടികജാതി കമ്മീഷന്‍റെ ഉത്തരവ് അവഗണിച്ചാണ് മാറ്റിനിർത്തിയതെന്ന് കുട്ടികൾ പറഞ്ഞു. പ്രതിഷേധിച്ച കുട്ടികളെ ജീവനക്കാർ മഴയത്ത് പുറത്താക്കി ​ഗേറ്റടച്ചു.

ദലിത് വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന സ്കൂളിൽ റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ട നാല് കുട്ടികളാണ് പ്രതിഷേധിക്കുന്നത്. സൂപ്രണ്ടിന്റെ പ്രത്യേക താല്‍പര്യത്തിൽ പുറത്താക്കിയെന്നാണ് ഇവർ ആരോപിക്കുന്നത്. തുടർന്ന് പൊലീസ് കുട്ടികളുടെ മാതാപിതാക്കളെ ചർച്ചയ്ക്കായി വിളിച്ചു. ഈ സമയത്താണ് ജീവനക്കാർ കുട്ടികളെ മഴയത്ത് പുറത്താക്കിയത്.

Similar Posts