ബി.ഡി.ജെ.എസ് കടലാസ് സംഘടനയായി മാറിയെന്ന് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ
|പ്രതീക്ഷിച്ച സമുദായ വോട്ടുകൾ കിട്ടിയില്ലെന്ന് ബിജെപി സംസ്ഥാന വക്താവും തൃശൂരിലെ സഹപ്രഭാരിയുമായ ബി രാധാക്യഷ്ണ മേനോൻ പറഞ്ഞു
ബിഡിജെഎസ് കടലാസ് സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന വക്താവും തൃശൂരിലെ സഹപ്രഭാരിയുമായ ബി രാധാക്യഷ്ണ മേനോൻ. കോട്ടയത്തും മാവേലിക്കരയിലും ബിജെപി വോട്ടുകൾ മാത്രമാണ് ബിഡിജെഎസിന് ലഭിച്ചത്.
പ്രതീക്ഷിച്ച സമുദായ വോട്ടുകൾ കിട്ടിയില്ലെന്നു രാധാകൃഷ്ണ മേനോൻ മീഡിയവണിനോട് പറഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തും സ്ഥാനാർഥി നിർണയം തിരിച്ചടിയായെന്ന് പി.സി ജോർജും തുറന്നടിച്ചു.
സംസ്ഥാനത്ത് എൻഡിഎ വോട്ടു വിഹിതം വർധിപ്പിച്ചപ്പോഴും തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണ് ബി രാധാകൃഷ്ണ മേനോൻ്റെ വിമർശനം. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം മാത്രമല്ല ശക്തമായ സംഘടന അടിത്തറയുടെ ബലത്തിലാണ് തൃശൂരിലെ ജയമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ പരമ്പരാഗത ബിജെപി നായർ വോട്ടുകൾ ലഭിച്ചില്ലെന്നാണ് ബിഡിജെഎസിന്റെ വിലയിരുത്തൽ. അതേസമയം, തുഷാറിന് രാജ്യസഭാ സീറ്റ് പ്രതീക്ഷിക്കുന്നതിനാൽ ബിജെപിക്ക് എതിരെ പരസ്യ പ്രതികരണത്തിനും സാധ്യതയില്ല.