സ്നേഹ ചുംബനം നല്കി, സൈന്യത്തിന് നന്ദി പറഞ്ഞ് ബാബു
|22കാരനായ ബാബുവിനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടാം ജന്മമാണ്
പൊള്ളുന്ന വെയിലിനോടും കടുത്ത മഞ്ഞിനോടും പൊരുതി രണ്ട് രാത്രിയും രണ്ടു പകലുമാണ് ബാബു ചേറാട് മലയിടുക്കില്‍ കഴിഞ്ഞുകൂട്ടിയത്. 22കാരനായ ബാബുവിനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടാം ജന്മമാണ്. ആ രണ്ടാം ജന്മത്തിന് കാരണക്കാരായതാകട്ടെ ഇന്ത്യന്‍ സൈന്യവും.
മലമുകളിലെത്തിയ ബാബു സൈനികര്‍ക്ക് സ്നേഹ ചുംബനം നല്‍കിയാണ് തന്റെ നന്ദി രേഖപ്പെടുത്തിയത്. സൈനികരുടെ സുരക്ഷിതമായ കരങ്ങളിലായിരുന്നു ബാബു. ആശ്വാസച്ചിരിയോടെ സൈനികരുടെ തോളത്തു തട്ടിയപ്പോള്‍ കണ്ടുനിന്നവര്‍ക്കത് അത് അഭിമാനത്തിന്റെ നിമിഷങ്ങളായി. ഇന്ത്യന്‍ ആര്‍മിക്ക് നന്ദി പറയുന്നതായും ബാബു പറഞ്ഞു. ജയ് വിളികളോടെയാണ് സൈന്യം സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയം ആഘോഷിച്ചത്.
മണിക്കൂറുകളോളം പച്ചവെള്ളം പോലും കുടിക്കാതെ മരണത്തെയും മുന്നില്‍ കണ്ടു കഴിയുമ്പോഴും ശുഭാപ്തി വിശ്വാസത്തിലായിരുന്നു ബാബു. രക്ഷാപ്രവര്‍ത്തകരുടെ അന്വേഷണത്തോടെല്ലാം ബാബു പ്രതികരിക്കുന്നുണ്ടായിരുന്നു. ഇന്നു രാവിലെയാണ് കോസ്റ്റ് ഗാര്‍ഡ് ബാബുവിന് ഭക്ഷണവും വെള്ളവുമെത്തിച്ചത്. അതിനു ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. മലമുകളിലെത്തിച്ച ബാബുവിന് ചെറിയ അവശത മാത്രമാണുണ്ടായിരുന്നത്. എയർ ലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.