നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റം; ഇതുമായി തന്റെ പേര് ബന്ധിപ്പിക്കരുത്: ബാബുജാൻ
|അഡ്മിഷൻ സമയത്ത് നിരവധിപേർ തന്നെ സമീപിക്കാറുണ്ട്. ആർക്കൊക്കെ വേണ്ടി ശിപാർശ ചെയ്തുവെന്ന് ഓർത്തിരിക്കാനാവില്ലെന്നും സിൻഡിക്കേറ്റ് അംഗവും സി.പി.എം നേതാവുമായ ബാബുജാൻ പറഞ്ഞു.
ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ നിഖിൽ തോമസിനായി താൻ ഇടപെട്ടിട്ടില്ലെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പറുമായ കെ.എച്ച് ബാബുജാൻ. നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും അതുമായി തന്റെ പേര് ബന്ധിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോളജ് മാനേജ്‌മെന്റ് പലയിടത്തും അവരുടേതായ മാനദണ്ഡങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാനേജ്‌മെന്റിന്റെ നടപടിക്രമങ്ങളും സർവകലാശാല മാനദണ്ഡങ്ങളും പരിശോധിച്ച് വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നതിനുള്ള നടപടികൾ കോളജിലാണ് നടക്കുന്നത്. എം.എസ്.എം കോളജിലുണ്ടായ വീഴ്ചയെക്കുറിച്ച് സർവകലാശാല റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം സംഭവത്തിൽ എന്ത് നടപടിയെടുക്കണമെന്ന് സർവകലാശാല ആലോചിച്ച് തീരുമാനിക്കുമെന്നും ബാബുജാൻ പറഞ്ഞു.
നിഖിലിന് അഡ്മിഷൻ ലഭിക്കാനായി ഇടപെട്ടത് ബാബുജാൻ ആണെന്ന് ആരോപണമുയർന്നിരുന്നു. അഡ്മിഷൻ സമയത്ത് നിരവധിപേർ തന്നെ സമീപിക്കാറുണ്ട്. ആർക്കൊക്കെ വേണ്ടി ശിപാർശ ചെയ്തുവെന്ന് ഓർത്തിരിക്കാനാവില്ലെന്നും ബാബുജാൻ പറഞ്ഞു.