Kerala
കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: അനുപമയും അജിത്തും മൊഴിനൽകി
Kerala

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: അനുപമയും അജിത്തും മൊഴിനൽകി

Web Desk
|
27 Oct 2021 4:27 PM GMT

ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ മൊഴി തനിച്ച് രേഖപ്പെടുത്തണമെന്നും മുൻ ജീവനക്കാരൻ ശശിധരന്റെ മൊഴി പ്രത്യേകം രേഖപ്പെടുത്തണമെന്നും അനുപമ ആവശ്യപ്പെട്ടു

പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മുമ്പാകെ വിശദ മൊഴി നൽകുകയും തെളിവുകൾ സമർപ്പിക്കുകയും ചെയ്തു. അനുപമക്കൊപ്പം ഭർത്താവ് അജിത്തും മൊഴിനൽകാൻ എത്തി. ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ മൊഴി തനിച്ച് രേഖപ്പെടുത്തണമെന്നും മുൻ ജീവനക്കാരൻ ശശിധരന് കാര്യങ്ങൾ അറിയാമെന്നും ഇദ്ദേഹത്തിന്റെ മൊഴി പ്രത്യേകം രേഖപ്പെടുത്തണമെന്നും അനുപമ ആവശ്യപ്പെട്ടു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് സംഭവത്തിൽ പങ്കുണ്ടെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അവർ പറഞ്ഞു.

സംഭവത്തിൽ അനുപമയുടെ അച്ഛനായ പി.എസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് സി.പി.എം നീക്കിയിട്ടുണ്ട്. ദത്ത് വിവാദം അന്വേഷിക്കാൻ ഏരിയ കമ്മിറ്റി തലത്തിൽ സമിതി രൂപീകരിക്കുകയും ചെയ്തു. സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി വിഷയം ചർച്ച ചെയ്തു. ലോക്കൽ കമ്മിറ്റി തീരുമാനം മേൽക്കമ്മിറ്റിയെ അറിയിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ പറഞ്ഞു. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ യോഗത്തിൽ പങ്കെടുത്തില്ല. അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉൾപ്പെടെ സി.പി.എം അംഗങ്ങളായ കേസിലെ അഞ്ച് പ്രതികൾക്കെതിരെയും നടപടി ഉണ്ടായേക്കും. അതേസമയം, അച്ഛനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. പാർട്ടിക്ക് മാനക്കേടുണ്ടാക്കിയത് അച്ഛനാണ്. കുറ്റം ചെയ്ത മറ്റുള്ളവർക്കെതിരെയും നടപടിയെടുക്കണമെന്ന് അനുപമ പറഞ്ഞു.

Similar Posts