Kerala
Baby died without treatment in Wayanad; The duty doctor was dismissed, breaking news malayalam
Kerala

വയനാട്ടിൽ ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടറെ പിരിച്ചുവിട്ടു

Web Desk
|
1 April 2023 5:11 AM GMT

ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞാണ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച കാരണം ചികിത്സ കിട്ടാതെ മരിച്ചത്

വയനാട്: വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെയാണ് പിരിച്ചുവിട്ടത്. കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വയനാട് വെള്ളമുണ്ടയിലാണ് ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നിൽ ആരോഗ്യ വകുപ്പിലെയും ഐ.സി.ഡി.എസിലേയും ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയുണ്ടെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. വെള്ളമുണ്ട കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ്-ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്.

മാർച്ച് 22 ന് പുലർച്ചെയാണ് കടുത്ത അനീമിയയും വിളർച്ചയും ന്യുമോണിയയും മൂലം കുഞ്ഞ് മരിച്ചത്. പ്രസവ ശേഷം കുഞ്ഞിനെ സന്ദർശിച്ച് പരിചരിക്കേണ്ട കാരക്കാമല സബ് സെന്റർ ജീവനക്കാർക്കും ഐ.സി.ഡി.എസ് അംഗങ്ങൾക്കും ഗുരുതര വീഴ്ച സംഭവിച്ചതായും ചിലർ തെറ്റായ ഡാറ്റ സമർപ്പിച്ചതായും പ്രാഥമികാന്വേഷണത്തിൽ ബോധ്യമായതായാണ് വിവരം. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ച കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും ശിശുരോഗ വിദഗ്ധനെ കാണിച്ചാൽ മതിയെന്നും പറഞ്ഞ് മടക്കിയ ഡ്യൂട്ടി ഡോക്ടർക്കെതിരെയും ആക്ഷേപമുയര്‍ന്നിരുന്നു.

കടുത്ത അനീമിയയും വിളർച്ചയും ന്യുമോണിയയും മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിരിക്കെ ഡ്യൂട്ടി ഡോക്ടർ 'ചെസ്റ്റ് ക്ലിയർ' എന്ന് പരിശോധനാ കുറിപ്പെഴുതി പറഞ്ഞുവിട്ടതിനെതിരെയാണ് ചോദ്യമുയരുന്നത്. കുഞ്ഞിന്റെ ചിത്രം കണ്ടാൽ പോലും ഗുരുതരാവസ്ഥ ബോധ്യപ്പെടുമെന്നിരിക്കെയാണ് ഡോക്ടറുടെ ഗുരുതര വീഴ്ച.

ഗുരുതര പിഴവ് വരുത്തിയവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് അറിയിച്ചിരുന്നു. 2022 ഒക്ടോബർ 17 നാണ് പണിയ വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് കുഞ്ഞ് ജനിച്ചത്. കുടുംബം പലപ്പോഴും സ്ഥലത്തുണ്ടാകാറില്ലെന്ന വാദങ്ങൾ ഉയർത്തി ആരോഗ്യ പ്രവർത്തകർ പ്രതിരോധത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന കാര്യത്തിൽ അന്വേഷണം സംഘത്തിന് വ്യക്തത വന്നതായാണ് വിവരം.

Similar Posts