നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹരജി തള്ളി
|തീർപ്പാക്കിയ ഹരജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നായിരുന്നു ദിലീപിന്റെ വാദം.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്തുള്ള ദിലീപിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. തീർപ്പാക്കിയ ഹരജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നായിരുന്നു ദിലീപിന്റെ വാദം.
വസ്തുതാന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുന്ന മൊഴിപ്പകർപ്പുകൾ അതിജീവിതക്ക് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടപ്പോൾ എതിർകക്ഷിയായ തന്റെ വാദം രേഖപ്പെടുത്തിയില്ലെന്നാണ് ദിലീപിന്റെ വാദം. തീർപ്പാക്കിയ ഹരജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും അതിനാൽ അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് തീരുമാനം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ജസ്റ്റിസുമാരായ എം.നഗരേഷും പി.എം മനോജും ഉൾപ്പെട്ട അവധിക്കാല ബെഞ്ച് തള്ളിയത്.
മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടതിനാലാണ് നീതി തേടി കോടതിയിലെത്തിയതെന്നും മൊഴി തനിക്ക് നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും അതിജീവിത കോടതിയിൽ മറുപടി നൽകി. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികളറിയാൻ ഹരജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറികാർഡ് മൂന്ന് തവണ അനധികൃതമായി തുറന്നുപരിശോധിച്ചെന്ന് ജില്ലാ ജഡ്ജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക നൽകാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.