Kerala
Bahawuddin nadwi against communism
Kerala

സമസ്ത നേതാക്കൾ നിരീശ്വരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചങ്ങാത്തം പുലർത്തിയ ചരിത്രം ഉണ്ടായിട്ടില്ല: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

Web Desk
|
3 July 2023 7:38 AM GMT

മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കണമെന്നു സമസതയുടെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകളുടെ ഭൗതിക നിലനില്‍പ്പിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാനും സമൂഹമെന്ന നിലക്ക് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും സമസ്തക്കു ബാധ്യതയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബഹാഉദ്ദീൻ നദ്‌വി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കോഴിക്കോട്: ഏക സിവിൽകോഡിനെതിരായ സമരത്തിന് സി.പി.എം സമസ്തയെ ക്ഷണിച്ചതിന് പിന്നാലെ ഒളിയമ്പുമായി സമസ്ത കേന്ദ്ര മുശാവറാംഗവും ചെമ്മാട് ദാറുൽ ഹുദാ വൈസ് ചാൻസലറുമായി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്. സമസ്തയുടെ നൂറാം വാർഷികത്തിൽ സമസ്തയുടെ ചരിത്രവും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന കുറിപ്പിലാണ് നദ്‌വിയുടെ വിമർശനം. സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

മഹാന്മാരായ കെ.സി ജമാലുദ്ദീൻ മുസ്ലിയാർ, കെ.വി മുഹമ്മദ് മുസ്ലിയാർ കൂറ്റനാട്, കെ.ടി മാനു മുസ്ലിയാർ, അത്തിപ്പറ്റ മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ തുടങ്ങിയ ധാരാളം പണ്ഡിത ശ്രേഷ്ഠർ മുസ്ലിം ലീഗുമായി കൈകോർത്തു പ്രവർത്തിച്ചവരായിരുന്നു. സ്വൂഫീവര്യനും ആധ്യാത്മിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മൗലാനാ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരാണ് ഒരിക്കൽ കോഴിക്കോട്ട് നടന്ന ലീഗിന്റെ മഹാ സമ്മേളനത്തിൽ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചത്. ഉസ്താദ് ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്ലിയാരുടെ, മുസ്ലിം ലീഗിന്റെ ഓഫീസുകളൊക്കെ സുന്നികളുടെ ഓഫീസാണെന്ന കോഴിക്കോട്ടെ പ്രസംഗം അറിയാത്തവരായി ആരുമുണ്ടാകില്ല.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നേതക്കന്മാരിലും സാരഥികളിലും ആരും തന്നെ നിരീശ്വരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചങ്ങാത്തം പുലർത്തുന്ന, സൗഹൃദം സൂചിപ്പിക്കുന്ന ഒരു വാക്കു പോലും എവിടെയും സംസാരിച്ചതായി കാണാൻ സാധിക്കില്ല എന്നതാണ് ഇതുവരെയുള്ള ചരിത്രം.

ഇക്കാലമത്രയും സമസ്തയും മുസ്ലിം ലീഗും ഏക മനസ്‌കമായി പ്രവർത്തിച്ചതിനാലാണ് കേരളത്തിൽ മുസ്ലിംകൾക്ക് സവിശേഷമായ അസ്തിത്വ വികസനമുണ്ടായത് എന്ന വസ്തുത നാം വിസ്മരിച്ച് കൂടാ. സംഘടനക്കകത്ത് ലീഗ് - പാണക്കാട് വിരോധവും ആദർശ ക്ഷയവും പറഞ്ഞ് ചിലർ രംഗത്ത് വന്നെങ്കിലും 1989-ൽ നേതൃത്വം അവരെ പുറത്തേക്കിട്ടെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ന് ദുല്‍ഹിജ്ജ 14. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന മഹത്തായ പണ്ഡിത സഭ രൂപീകൃതമായിട്ട് ഇന്നേക്ക് നൂറു വര്‍ഷം തികയുകയാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഹിജ്‌റ കലണ്ടറനുസരിച്ചാണ് തങ്ങളുടെ മതപരമായ ചടങ്ങുകള്‍ ആചരിക്കേണ്ടതും സ്മരണീയ ദിനങ്ങൾ ഓർക്കേണ്ടതും. ചാന്ദ്ര വര്‍ഷമനുസരിച്ചു കാലഗണന നടത്തണമെന്നാണല്ലോ ഖുര്‍ആനികാധ്യാപനം. 'ചന്ദ്രക്കലകളെപ്പറ്റി താങ്കളോടവര്‍ ചോദിക്കുന്നു. ഇങ്ങനെ പ്രസ്താവിക്കുക: ആളുകളുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് കര്‍മങ്ങള്‍ക്കും സമയനിര്‍ണയം നടത്താനുള്ളതാണവ (വി:ഖു-2:189 )' എന്ന സൂക്തത്തിന്റെ താല്‍പര്യവും അതാണ്.

ഒരു ബലി പെരുന്നാൾ അവധിയിൽ ദര്‍സ് നിര്‍ത്തി നാട്ടിലെത്തിയ അന്നത്തെ മഹാന്മാരായ പണ്ഡിതന്മാരും സാദാത്തുമാരും ചേര്‍ന്നാണ് 1344 ദുല്‍ഹിജ്ജ 14 - ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നൽകിയത്. കേരളീയ മുസ്‌ലിംകളുടെ സവിശേഷമായ മത-ധാര്‍മിക-സാംസ്‌കാരിക-ആധ്യാത്മിക പുരോഗതികള്‍ക്ക് ദിശാബോധവും മാര്‍ഗ ദർശനവും നൽകുക എന്നതാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യം.

സമസ്ത രൂപീകരണത്തിനു മുൻപേ കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വം, നൂറ്റാണ്ടുകളിലൂടെ കടന്നു പോന്ന സ്വഹാബികള്‍, താബിഈങ്ങള്‍, അവരുടെ പിൻഗാമികൾ,പൂര്‍വ്വികന്മാരായ പണ്ഡിതന്മാര്‍, സാദാത്തുമാര്‍, മാര്‍ഗദര്‍ശികള്‍, ഔലിയാക്കള്‍, ആരിഫീങ്ങള്‍ തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങളിലൂടെ ഇവിടെ രൂപപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു.

മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍, അദ്ദേഹത്തിന്റെ പ്രതിഭാധനനായ പുത്രന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍, അവരുടെ ശൈഖുമാര്‍, മുരീദുമാര്‍, ആ പാത കണിശമായി പിന്‍പറ്റിയ സാധാരണ ജനങ്ങള്‍, വിവിധ രാഷ്ട്രങ്ങളിൽ നിന്നു വന്ന സയ്യിദ് വംശജർ, വിശിഷ്യ, ഒന്നര നൂറ്റാണ്ടു മുമ്പ് തുര്‍ക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ മഹാരഥന്മാർ എന്നിവരിലൂടെയാണ് ഇസ്‌ലാമിക സംസ്കൃതി ഇവിടെ പുഷ്കലമായത്.

എന്നാൽ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണത്തിലൂടെ കേരളീയ മുസ്‌ലിംകള്‍ പവിത്രമായി തുടര്‍ന്നുവന്നിരുന്ന മതകീയ ശ്രേണിക്ക് ഒരു ഏകീകൃത ഭാവം ലഭിക്കുകയായിരുന്നു എന്നതാണ് വസ്തുത. വാര്‍ഷിക സമ്മേളനങ്ങള്‍, മതപ്രഭാഷണ പരമ്പരകള്‍, വെള്ളിയാഴ്ച്ചകളില്‍ പള്ളികളില്‍ നടത്തപ്പെട്ടിരുന്ന മതപഠന ക്ലാസുകള്‍, വിശേഷ ദിനങ്ങളിലെ ബോധവത്കരണങ്ങള്‍ എന്നിവയിലൂടെയാണ് ആദ്യ കാല്‍ നൂറ്റാണ്ടുകാലം സമസ്ത അതിന്റെ മത വിദ്യാഭ്യാസ പ്രസരണം നടത്തിയത്.

പിന്നീട്, 1951 -ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായി. ക്രമീകൃതമായ ക്ലാസ് രീതികളും വ്യവസ്ഥാപിതമായ പാഠ്യ പദ്ധതികളും പാഠ പുസ്തകങ്ങളും തയ്യാറാക്കി മദ്റസാ സംവിധാനം വ്യാപകമാക്കുക എന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതി മുതല്‍ സമസ്ത ഫോക്കസ് ചെയ്ത സവിശേഷമായ മേഖല. സയ്യിദ് അബ്ദുർറഹ്‌മാന്‍ ബാഫഖി തങ്ങളാണ് സമസ്തയുടെ മദ്റസാ സംവിധാനത്തിന് ബീജാവാപം നൽകിയത്.

1945 -ല്‍ കാര്യവട്ടത്ത് നടന്ന സമസ്ത സമ്മേളനത്തില്‍ അദ്ദേഹം സമൂഹത്തിന്റെ ഗൗരവ ശ്രദ്ധ മതവിദ്യാഭ്യാസത്തിലേക്കു തിരിച്ചു. രാജ്യം സ്വാതന്ത്ര്യത്തിലേക്കടുക്കുകയാണെന്നും, സെക്കുലര്‍ രാജ്യമായി രൂപീകൃതമാവുന്ന ഇന്ത്യയില്‍ മുന്‍ കാലങ്ങളിലേതു പോലെ മതവിദ്യാഭ്യാസം, സര്‍ക്കാര്‍ പാഠശാലകൾ വഴി നടത്താന്‍ സാധിക്കില്ലെന്നും അതിനാല്‍ ബദല്‍ സംവിധാനം ആസൂത്രണം ചെയ്യണമെന്നും, അന്ന് സമുദായ മധ്യേ ദീര്‍ഘവീക്ഷണത്തോടെ തങ്ങള്‍ ഉണര്‍ത്തി.

തദനുസൃതമായി 1951 -ലെ വടകര സമ്മേളനത്തിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് രൂപീകൃതമാവുന്നത്. സുന്നി യുവജന സംഘം, ജംഇയ്യത്തുല്‍ മുഅല്ലിമീൻ തുടങ്ങിയ കീഴ്ഘടകങ്ങളെല്ലാം ക്രമേണ രൂപീകൃതമായി. നിലവിൽ വിവിധ മേഖലകളിലായി പതിനഞ്ചോളം പോഷക ഘടകങ്ങൾ സമസ്തക്കു കീഴിൽ പ്രവർത്തിക്കുന്നു.

മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കണമെന്നു സമസതയുടെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകളുടെ ഭൗതിക നിലനില്‍പ്പിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാനും സമൂഹമെന്ന നിലക്ക് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും സമസ്തക്കു ബാധ്യതയുണ്ടെന്ന് സാരം. വിശ്വാസപരമായ വെല്ലുവിളികള്‍ അതിജീവിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് അതില്‍ ഒന്ന് മാത്രമാണ്. എന്നാല്‍, ഇതുമാത്രമാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്ന രീതിയിൽ സമീപകാലത്തായി ചിലർ പ്രചാരണം നടത്തുന്നുണ്ട്. തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണത്. 1934-ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഭരണഘടനയില്‍ പ്രതിപാദിച്ച അഞ്ചു ഉദ്ദേശലക്ഷ്യങ്ങളില്‍ ഒന്ന് മാത്രമാണത്. ആദർശ സംരംക്ഷണം മാത്രമാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്ന് പ്രചരിപ്പിക്കുന്നവർ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ദുർവ്യാഖ്യാനം നടത്തുകയാണ്.

കേരളീയ മുസ്‌ലിംകളുടെ മതകീയ പശ്ചാത്തലങ്ങളില്‍ സമുന്നതവും പവിത്രവുമായ ആദരം നല്‍കപ്പെട്ടിരുന്ന സാദാത്തുമാരുടെ ഇടപെടൽ വഴിയാണ് സമസ്തക്കു സമൂഹത്തിൽ കൂടുതൽ ജനപ്രീതി ലഭിച്ചത്. സമസ്തയുടെ സ്ഥാപിത കാലത്ത് വലിയ സല്‍പ്പേരും ജനഹൃദയങ്ങളില്‍ സ്വാധീനവുമുള്ള വ്യക്തിത്വമായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍. കോഴിക്കോട്ടെ അറിയപ്പെട്ട കച്ചവടക്കാരനും സമൂഹ മധ്യേ സുസമ്മതനുമായിരുന്നു അബ്ദുർറഹ്‌മാന്‍ ബാഫഖി തങ്ങള്‍. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സമസ്തയുമായി അവിച്ഛേദ്യ ബന്ധം കാത്തു സൂക്ഷിച്ചവരും സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ എന്നിവരൊക്കെ മുസ്‌ലിം ലീഗുകാരായതിനാല്‍ സമസ്തയും മുസ്‌ലിം ലീഗും തമ്മില്‍ ഇഴ ചേർന്ന സൗഹൃദാന്തരീക്ഷമുണ്ടായി. മഹാന്മാരായ കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, കെ.ടി മാനു മുസ്‌ലിയാര്‍, അത്തിപ്പറ്റ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ ധാരാളം പണ്ഡിത ശ്രേഷ്ഠർ മുസ്‌ലിം ലീഗുമായി കൈകോര്‍ത്തു പ്രവര്‍ത്തിച്ചവരായിരുന്നു. സ്വൂഫീവര്യനും ആധ്യാത്മിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മൗലാനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരാണ് ഒരിക്കൽ കോഴിക്കോട്ട് നടന്ന ലീഗിന്റെ മഹാ സമ്മേളനത്തിൽ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചത്. ഉസ്താദ് ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാരുടെ, മുസ്‌ലിം ലീഗിന്റെ ഓഫീസുകളൊക്കെ സുന്നികളുടെ ഓഫീസാണെന്ന കോഴിക്കോട്ടെ പ്രസംഗം അറിയാത്തവരായി ആരുമുണ്ടാകില്ല.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതക്കന്മാരിലും സാരഥികളിലും ആരും തന്നെ നിരീശ്വരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചങ്ങാത്തം പുലര്‍ത്തുന്ന, സൗഹൃദം സൂചിപ്പിക്കുന്ന ഒരു വാക്കു പോലും എവിടെയും സംസാരിച്ചതായി കാണാന്‍ സാധിക്കില്ല എന്നതാണ് ഇതുവരെയുള്ള ചരിത്രം.

ഇക്കാലമത്രയും സമസ്തയും മുസ്‌ലിം ലീഗും ഏക മനസ്‌കമായി പ്രവര്‍ത്തിച്ചതിനാലാണ് കേരളത്തിൽ മുസ്‌ലിംകള്‍ക്ക് സവിശേഷമായ അസ്തിത്വ വികസനമുണ്ടായത് എന്ന വസ്തുത നാം വിസ്മരിച്ച് കൂടാ. സംഘടനക്കകത്ത് ലീഗ് - പാണക്കാട് വിരോധവും ആദർശ ക്ഷയവും പറഞ്ഞ് ചിലർ രംഗത്ത് വന്നെങ്കിലും 1989-ൽ നേതൃത്വം അവരെ പുറത്തേക്കിട്ടു.

മുസ്‌ലിം സമുദായത്തിന്റെ ഇനിയുള്ള പുരോഗതിക്കും ഈയൊരു സാഹചര്യം നിലനില്‍ക്കേണ്ടതുണ്ട്. അത്തരത്തില്‍ സമുദായത്തിന് ദീർഘ കാലം മാര്‍ഗ ദര്‍ശനം നല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് സര്‍വശക്തന്‍ തുടര്‍ന്നും അവസരം സൃഷ്ടിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

Similar Posts