Kerala
Appeal against the rejection of Rahul Mamkoottathil bail plea
Kerala

ജാമ്യാ​പേക്ഷ; രാഹുലിന്റെ അപ്പീൽ പരിഗണിക്കുന്നത് 17ലേക്ക് മാറ്റി

Web Desk
|
11 Jan 2024 6:00 AM GMT

രാഹുലിനെ ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തത്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് രാഹുൽ അപ്പീൽ നൽകിയത്. ഈ മാസം 17-നാണ് കോടതി അപ്പീൽ പരിഗണിക്കുക.

രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് സെഷൻസ് കോടതിയെ സമീപിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രവർത്തകർക്കൊപ്പം മുൻനിരയിൽ നിന്നുകൊണ്ട് പൊലീസിനെ ആക്രമിച്ചു എന്നാണ് ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.

എന്നാൽ, ഈ ആരോപണം വ്യാജമാണെന്നും രാഹുൽ പൊലീസുകാരെ ആക്രമിക്കുന്നതിന് തെളിവില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. അപ്പീൽ പരിഗണിക്കുന്നത് മാറ്റിയതോടെ 17 വരെ രാഹുൽ ജയിലിൽ തുടരുമെന്ന് ഉറപ്പായി. ഇതോടൊപ്പം സർക്കാർ നിലപാട് കൂടി കോടതിയെ അറിയിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും വാദം കേൾക്കുക.

ജനുവരി ആറ് വരെ രാഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ രേഖകൾ ഹരജിയിൽ സമർപ്പിച്ചിരുന്നു.

എന്നാൽ, കോടതി നിർദേശത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ല എന്ന റിപ്പോർട്ടാണ് ലഭിച്ചത്. ഇതിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് ഹരജിക്കാരുടെ ആരോപണം. രാഹുലിന്റെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇവർ വദിച്ചു.

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ സംഭവത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ അടൂർ പൊലീസിന്‍റെ സഹായത്തോടെയാണ് കന്‍റോൺമെന്‍റ് എസ്.ഐ ശിവകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തോടെ തിരുവനന്തപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) ഹാജരാക്കിയ രാഹുലിനെ ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തത്. നവകേരള യാത്രക്കിടയിൽ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും -ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ചാണ് രാഹുലിന്‍റെ നേതൃത്വത്തിൽ ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്തമായതോടെ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസന്‍റ് എന്നിവർക്ക് ശേഷം നാലാം പ്രതിയായിരുന്നു രാഹുൽ. ജാമ്യമില്ല വകുപ്പുകൾ പ്രകാരം മൂന്നുകേസുകളാണ് രജിസ്റ്റർ ചെയ്തത്.

Similar Posts