'76000 രൂപ കെട്ടിവയ്ക്കണം, കൗൺസിലിംഗിനും വിധേയരാകണം'; ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
|വിദ്യാർഥികൾ തങ്ങളുടെ അറ്റൻഡൻസ് ഷീറ്റ് കൃത്യമായി തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയും വേണം
കൊച്ചി: തിരുവനന്തപുരത്ത് ഗവർണറെ കരിങ്കൊടി കാണിച്ച SFI പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്....തിരുവനന്തപുരം ജില്ല വിട്ട് പോകരുതെന്നും വിദ്യാർഥികൾ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിൽ കൗൺസിലിങിന് വിധേയമാകണമെന്നുമാണ് ഉപാധി...
ഇന്നലെ തന്നെ കേസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. പ്രതികളുടെ അറ്റൻഡൻസ് ഷീറ്റ് ഉൾപ്പടെ കോടതി പരിശോധിക്കുകയും ജഡ്ജിയുടെ ചേംബറിൽ കേസ് ഓൺലൈനായി കേൾക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട വിദ്യാർഥികളെയും രക്ഷിതാക്കളെയും ഓൺലൈനിൽ വിളിച്ചു വരുത്തി കോടതി അവരുടെ ഭാഗം കേൾക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞത്. പ്രതിഷേധത്തിനിടെ ഉണ്ടായ നഷ്ടങ്ങൾക്ക് വിദ്യാർഥികൾ കൂട്ടുത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണം എന്നാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്ന പ്രധാന ഉപാധി.
പ്രതിഷേധത്തിനിടെ ഗവർണറുടെ കാറിന് നാശനഷ്ടമുണ്ടായെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരമെന്നോണം 76000 രൂപ എസ്എഫ്ഐ പ്രവർത്തകർ കെട്ടി വയ്ക്കണം. പ്രവർത്തകർ വിദ്യാർഥികൾ കൂടി ആയതിനാൽ ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇവരോട് ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ കൗൺസിലിംഗിന് വിധേയരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല വിട്ട് പുറത്തു പോകാൻ വിദ്യാർഥികൾക്ക് അനുവാദമില്ല. തങ്ങളുടെ അറ്റൻഡൻസ് ഷീറ്റ് കൃത്യമായി തന്നെ വിദ്യാർഥികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയും വേണം.
അതീവ സുരക്ഷ വേണ്ട ഗവർണറുടെ വാഹനം ആക്രമിച്ചു എന്ന് കാട്ടിയാണ് നേരത്തേ സെഷൻസ് കോടതി എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചത്. എന്നാലിവർക്ക് വിദ്യാർഥികളെന്ന പരിഗണന ഹൈക്കോടതി നൽകിയിട്ടുണ്ടെന്നാണ് വിധിയിൽ നിന്ന് മനസ്സിലാക്കാനാവുക.