ആദിവാസി ഭൂമി കയ്യേറ്റക്കേസ്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം
|മണ്ണാർക്കാട് എസ്‌സി എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
പാലക്കാട്: ആദിവാസി ഭൂമി കയ്യേറ്റക്കേസിൽ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കണം, രണ്ട് ആൾ ജാമ്യം, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുത് എന്നീ ഉപാധികളാണ് കോടതി നിർദേശിച്ചിട്ടുള്ളത്. എല്ലാ ശനിയാഴ്ചയും ഷോളയൂർ പോലീസിൽ ഒപ്പിടണം. ഇതിനായി മാത്രമെ അട്ടപ്പാടിയിൽ പ്രവേശിക്കാവു. ആദിവാസികളെ കയ്യേറ്റം ചെയ്തതടക്കമുള്ള കേസിൽ പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു.
അജി കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. തുടർന്ന് അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ തുടർന്ന് വിടുകയും ചെയ്തിരുന്നു. സ്വപ്ന സുരേഷിന് ജോലി നൽകിയതിലുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നായിരുന്നു അജി കൃഷ്ണൻ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ആദിവാസി ഭൂമി കൈയ്യേറ്റം, കുടിൽ കത്തിക്കൽ, ജാതി പറഞ്ഞ് അധിക്ഷേപം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2021 ജൂൺ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഔഷധ കൃഷി നടത്താൻ എന്ന പേരിലാണ് ഭൂമി കൈയേറാൻ ശ്രമിച്ചത്. അജി കൃഷ്ണൻ ഉൾപ്പെടെയുള്ള എച്ച്.ആർ.ഡി.എസ് ജീവനക്കാർ ആദിവാസി ഭൂമി കൈയേറുകയും ആദിവാസികളുടെ കുടിലുകൾ കത്തിക്കുകയും ചെയ്തിരുന്നു. അന്ന് എച്ച്.ആർ.ഡി.എസിനൊപ്പമാണ് പൊലീസ് നിന്നത്. മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്ന് സർക്കാർ ഇടപെടുകയായിരുന്നു. കേസിൽ ജോയ് മാത്യു ഉൾപ്പെടെയുള്ള ആറുപേരെ കൂടി പിടികൂടാനുണ്ട്.
Bail to HRDS Secretary Aji Krishnan