Kerala
ബെയ്‌ലി പാലം തുറന്നു; വാഹനങ്ങൾ കടത്തിവിട്ടു
Kerala

ബെയ്‌ലി പാലം തുറന്നു; വാഹനങ്ങൾ കടത്തിവിട്ടു

Web Desk
|
1 Aug 2024 12:45 PM GMT

40 മണിക്കൂർ കൊണ്ടാണ് പാലം നിര്‍മാണം പൂർത്തിയായത്

മേപ്പാടി: വയനാട് മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലം സജ്ജമായി. പാലം തുറന്നതിനു പിന്നാലെ ആദ്യമായി സൈന്യത്തിന്റെ വാ​ഹനം പാലത്തിലൂടെ കടത്തിവിട്ടു. മറ്റു വാഹനങ്ങളും കടത്തിവിട്ടു തുടങ്ങി. ഇതോടെ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും എത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാ​ഗം അതിവേ​ഗത്തിലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 40 മണിക്കൂർ കൊണ്ടാണ് പാലം നിര്‍മാണം പൂർത്തിയായത്. പുഴയിലെ ശക്തമായ കുത്തൊഴുക്കിനിടയിലും ഇന്നലെ രാത്രിയിൽ പാലത്തിന്റെ നിർമാണം തുടർന്നിരുന്നു. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. 15 ട്രക്കുകളിലായാണ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചത്.

അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 280 ആ‌‌യി. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്. 100 പേരെയാണ് തിരിച്ചറിഞ്ഞത്. 234 പേരെ ആശുപത്രിയിലെത്തിച്ചു. 142 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.

പ്രദേശത്ത് പ്രയാസം സൃഷ്ടിച്ച് മഴ തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് പുഞ്ചിരിമട്ടത്ത് തിരച്ചില്‍ നിര്‍ത്തി. കരസേന ഉദ്യോഗസ്ഥർ അടക്കം മടങ്ങി. ഉരുൾപൊട്ടലിൻ്റെ ഉൽഭവ സ്ഥലത്തിന് തൊട്ടുതാഴെയുള്ള ഗ്രാമമാണ് പുഞ്ചിരിമട്ടം.

കൂടുതൽ മൃതദേഹങ്ങൾ ഉണ്ടായേക്കാമെന്ന സൂചനയെ തുടർന്ന് പതിമൂന്നാം പാലത്തിൽ തിരച്ചിൽ നടത്തി. വില്ലേജ് റോഡിലാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. ഇവിടെ നിന്ന് അഞ്ച് മ‍ൃതദേഹമാണ് ലഭിച്ചത്. മരങ്ങൾ നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Similar Posts