'ദിലീപിന് നാലു ഫോൺ, പത്തിലേറെ സിം കാർഡ്'; ആരോപണവുമായി ബാലചന്ദ്രകുമാർ
|ഫോൺ കണ്ടെത്തിയാൽ താൻ ആരോപിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന് നാലു ഫോണുകളും പത്തിലേറെ സിം കാർഡുകളുമുണ്ട്. ഫോൺ കണ്ടെത്തിയാൽ താൻ ആരോപിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
''ദിലീപിന്റെ സഹോദരി ഭർത്താവ് ദിലീപ് ജയിലിൽ കിടന്ന സമയത്ത് ഉപയോഗിച്ച ഫോൺ കണ്ടെത്തണം ഇതിൽ പൊലീസ് പ്രതീക്ഷിക്കാത്ത വിവരങ്ങൾ ഉണ്ടാകും. ദിലീപിന്റെ ഫോണിനേക്കാൾ ഇതാണ് കണ്ടെത്തേണ്ടത്. ഞാൻ പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന അഫിഡവിറ്റ് ദിലീപ് നൽകിയിരുന്നു. അതിന്റെ നിജസ്ഥിതി ഫോൺ പരിശോധിച്ചാൽ പുറത്തുവരും.'' ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് തിരിച്ചടി. കേസിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോൺ തിങ്കളാഴ്ച പത്തേകാലിന് കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു.
ഫോൺ മുംബൈയിലാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കൂടുതൽ ദിവസം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫോൺ മുബൈയിലാണെങ്കിൽ ആരെയെങ്കിലും അയച്ച് എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുദ്ര വച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാർ ജനറലിനാണ് ഫോൺ കൈമാറേണ്ടത്. ഫോൺ പ്രധാനപ്പെട്ട തെളിവാണെന്നും അതു ലഭിക്കേണ്ടത് അന്വേഷണത്തിന് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫോൺ തന്റെ സ്വകാര്യതയാണ് എന്നും സ്വന്തം നിലയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാമെന്നും കോടതിയെ ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.