നടിയെ അക്രമിച്ച കേസ്: ബാലചന്ദ്രകുമാറിൻറെ സുഹൃത്തായ വൈദികന്റെ മൊഴിയെടുത്തു
|ഫാദര്‍ വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതെന്നാണ് ദിലീപിൻറെ ആരോപണം
എറണാകുളം: നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാറിൻറെ സുഹൃത്തായ വൈദികന്റെ മൊഴിയെടുത്തു. ആഴാകുളം ഐ.വി.ഡി സെമിനാരി നടത്തിപ്പുകാരനായ ഫാദര്‍ വിക്ടർ എവരിസ്റ്റസ് ആലുവ പൊലീസ് ക്ലബിൽ എത്തിയാണ് മൊഴി നൽകിയത്. ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു മൊഴിയെടുക്കൽ.
ദിലീപുമായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയന്ന് വ്യക്തത വരുത്തകയാണ് അന്വേഷണ സംഘത്തിൻറെ ലക്ഷ്യം. ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടർ ദിലീപിനെ കണ്ടിരുന്നു. ഫാദര്‍ വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതെന്നാണ് ദിലീപിൻറെ ആരോപണം.
അതേസമയം കേസിൽ രഹസ്യരേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി. 'എ' ഡയറി രഹസ്യ രേഖയല്ല. ഇത് കോടതിയിൽ ദിനം പ്രതി നടക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നതാണ്. അത് ബഞ്ച് ക്ലർക്കാണ് തയ്യാറാക്കുന്നത്. രേഖകൾ ചോർന്നതിന് ജീവനക്കാർക്കെതിരെ തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോടതിയിലെ ചില രഹസ്യരേഖകൾ ദിലീപിൻറെ ഫോണിൽ നിന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. ഇത് സംബന്ധിച്ച് കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഈ കേസാണ് ഇന്ന് വിചാരണ കോടതി പരിഗണിച്ചത്. ഇത് പരിഗണിക്കുമ്പോഴാണ് എന്ത് രേഖകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടത്.