Kerala
ആദിവാസി ഊരുകളിലെ പ്രവേശന വിലക്ക് പിൻവലിക്കണം: സംയുക്ത പ്രസ്താവനയുമായി സാമൂഹിക പ്രവർത്തകർ
Kerala

'ആദിവാസി ഊരുകളിലെ പ്രവേശന വിലക്ക് പിൻവലിക്കണം': സംയുക്ത പ്രസ്താവനയുമായി സാമൂഹിക പ്രവർത്തകർ

ijas
|
29 Jun 2022 9:07 AM GMT

'14 ദിവസം മുമ്പ് അപേക്ഷ നൽകി പാസ് നേടുന്നവർക്ക് മാത്രം പ്രവേശനം നല്‍കുന്ന ഉത്തരവ് ആദിവാസി സമൂഹങ്ങളെ മറ്റു സമൂഹങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്ന വംശീയ മതിലാണ്'

മാവോയിസ്റ്റ് സാന്നിധ്യം, ലഹരി ഉപയോഗം എന്നീ കാരണങ്ങൾ ആരോപിച്ചു കൊണ്ട് ആദിവാസി ഊരുകളിലേക്ക് സാമൂഹിക പ്രവർത്തകർക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന. ഇന്ത്യയിലെ മറ്റേത് സാമൂഹിക വിഭാഗങ്ങളെ പോലെ തന്നെ സ്വയം നിർണയാവകാശമുള്ള സമൂഹമാണ് ആദിവാസി സമൂഹമെന്നും ആ സമൂഹങ്ങളിലേക്ക് ആരെല്ലാം വരണം, വരരുത് എന്നു തീരുമാനിക്കാനുള്ള അധികാരം ഭരണകൂടങ്ങൾക്കല്ല, ആ സമൂഹങ്ങൾക്ക് തന്നെയാണ് വകവെച്ചു നൽകേണ്ടതെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

14 ദിവസം മുമ്പ് അപേക്ഷ നൽകി പാസ് നേടുന്നവർക്ക് മാത്രം പ്രവേശനം നല്‍കുന്ന ഉത്തരവ് ആദിവാസി സമൂഹങ്ങളെ മറ്റു സമൂഹങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്ന വംശീയ മതിലാണ്. ആദിവാസി സമൂഹങ്ങൾക്കിടയിൽ സാമൂഹികമായ ഇടപെടൽ നടത്തുന്ന സന്നദ്ധ ശ്രമങ്ങളെ ഇല്ലാതാക്കുകയും സർക്കാർ വീഴ്ചകൾ മറച്ചു വെക്കാനും വഴിയൊരുക്കുന്നതിന് കൂടിയാണ്‌ ഉത്തരവ്. പട്ടിണി മരണങ്ങൾ, ശിശു മരണങ്ങൾ, സർക്കാർ ഫണ്ടുകളിലെ ക്രമക്കേട് എന്നിവ പൊതു സമൂഹത്തിൽ ഉയർത്തിക്കൊണ്ട് വരുന്നതിൽ വ്യത്യസ്ത സാമൂഹിക പ്രസ്ഥാനങ്ങളുടെ ഈ മേഖലയിലെ സാന്നിധ്യം സഹായകരമായിട്ടുണ്ട്.

ആദിവാസി മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുന്നത് കൂടിയാണ് ഉത്തരവ്. പഠന റിപ്പോർട്ട് അനുമതി നൽകുന്ന ഓഫീസിൽ ലഭ്യമാക്കണം, ഗവേഷണ സംഗ്രഹം, ഗവേഷണ ചോദ്യാവലി എന്നിവ സമർപ്പിക്കണം തുടങ്ങിയ വ്യത്യസ്തമായ നിർദേശങ്ങൾ ഗവേഷണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് കൂടിയാണ്. ഇത്തരം ഗവേഷണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ക്ഷേമ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്തിവരുന്ന സന്നദ്ധ സംഘടനകൾക്ക് വിലങ്ങു തടിയാവുകയാണ് ഉത്തരവ്. ഭരണകൂടം സൃഷ്ടിക്കുന്ന വംശീയ മതിലിനുള്ളിൽ അവർ ആഗ്രഹിക്കുന്നതും അനുവദിക്കുന്നതും മാത്രം നടപ്പാക്കപ്പെടുകയും അത്തരം വിവരങ്ങൾ മാത്രം പുറത്തേക്ക് വരികയും ചെയ്യുന്ന അപകടകരമായ അവസ്ഥയിലേക്കാണ് ഇത് നയിക്കുകയെന്നും പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ പറഞ്ഞു. ആദിവാസി സമൂഹങ്ങൾക്കിടയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമായ ഈ ഉത്തരവ് പിൻവലിക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയിൽ ഒപ്പ് വെച്ചവർ:

  • സുരേന്ദ്രൻ കരിപ്പുഴ (വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ്)
  • സിന്ധു പത്തനാപുരം (ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയർപേഴ്സൺ )
  • രേഷ്മ കരിവേടകം (ഡി.എസ്.എസ് സംസ്ഥാന ചെയർപേഴ്സൺ)
  • സജി കൊല്ലം (ഡി.എച്ച്.ആര്‍.എം പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ്)
  • സതി അങ്കമാലി (എഴുത്തുകാരി)
  • അനുരാജ് തിരുമേനി (ഡി.സി.യു.എഫ് ഡെപ്യൂട്ടി ചെയർമാൻ)
  • ചിത്ര നിലമ്പൂർ (കേരള ആദിവാസി ഐക്യ വേദി സംസ്ഥാന പ്രസിഡന്‍റ്)
  • അഖിൽജിത്ത് കല്ലറ (ബഹുജൻ യൂത്ത് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ്)
  • കെ.കെ ജിൻഷു (ദലിത് ഐക്യസമിതി സംസ്ഥാന പ്രസിഡന്‍റ്)
  • ബിന്ദു തങ്കം കല്യാണി (ആർട്ടിസ്റ്റ്, അധ്യാപിക)
  • നജ്ദ റൈഹാൻ (ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ്)
  • വിളയോടി വേണുഗോപാൽ (നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റ് കൺവീനർ)
  • സുധീർ കുമാർ (കെ.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്)
  • മനോജ് തോട്ടത്തിൽ (കെ.പി.യു.എസ്.എസ് സംസ്ഥാന പ്രസിഡന്‍റ്)
  • പ്രേം കുമാർ (ആക്ടിവിസ്റ്റ്)
  • ദിനു വെയിൽ (അംബേദ്കറേറ്റ് സ്റ്റുഡന്‍റ് ആക്ടിവിസ്റ്റ്)
  • അനന്ദു രാജ് (എഴുത്തുകാരൻ)
  • മജേഷ് രാമൻ (ആക്ടിവിസ്റ്റ്)
  • റാണി സുന്ദരി (ദ്രാവിഡ വർഗ യുവജന മുന്നണി സംസ്ഥാന വൈസ് പ്രസിഡന്‍റ്)
  • മണിക്കുട്ടൻ പണിയൻ (പണിയ സമുദായത്തിലെ ആദ്യ എം.ബിഎ ബിരുദധാരി, ആക്ടിവിസ്റ്റ്)
  • ബിനു വയനാട് (പൊതു പ്രവർത്തകൻ)
  • ഷിബിൻ ഷാ കൊല്ലം (ആക്ടിവിസ്റ്റ്)
  • മാരിയപ്പൻ നീലിപ്പാറ (ആദിവാസി സംരക്ഷണ സംഘം സംസ്ഥാന പ്രസിഡന്‍റ്)
  • അജീഷ് കിളിക്കോട്ട് (ട്രൈബൽ യൂത്ത് ഫോറം സംസ്ഥാന പ്രസിഡന്‍റ്)
  • സജീവ് ആറ്റിങ്ങൽ (എസ്.ഡി.എഫ്)
  • കെ മായാണ്ടി (പട്ടിക ജാതി-പട്ടിക വർഗ സംരക്ഷണ മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി)
  • മല്ലൻ അട്ടപ്പാടി (അട്ടപ്പാടി ആദിവാസി മൂപ്പൻ സഭ ചെയർമാൻ)
  • ഹരികൃഷ്ണൻ ഒ (റിസേർച്ച് സ്കോളർ)
Similar Posts