Kerala
70 ലക്ഷം ലോട്ടറി അടിച്ചു,ഇമാം ഹുസൈന്റെ സമാധാനം പോയി: സഹായം തേടി പൊലീസ് സ്റ്റേഷനിൽ
Kerala

70 ലക്ഷം ലോട്ടറി അടിച്ചു,ഇമാം ഹുസൈന്റെ സമാധാനം പോയി: സഹായം തേടി പൊലീസ് സ്റ്റേഷനിൽ

rishad
|
24 Oct 2021 6:14 AM GMT

പാലക്കാട് എടത്തനാട്ടുകര കോട്ടപ്പള്ളയിൽ ലോട്ടറി അടിച്ച ഇമാം ഹുസൈൻ പേടിച്ച് പൊലീസ് സഹായം തേടിയിരിക്കുകയാണ്. വെസ്റ്റ് ബംഗാളിലെ മാർട്ടാ സ്വദേശിയാണ് ഇമാം ഹുസൈന്‍.

ലോട്ടറി എടുത്ത് ഒന്നാം സമ്മാനം അടിച്ചാൽ സന്തോഷിക്കുകയാണ് പതിവ്. എന്നാൽ പാലക്കാട് എടത്തനാട്ടുകര കോട്ടപ്പള്ളയിൽ ലോട്ടറി അടിച്ച ഇമാം ഹുസൈൻ പേടിച്ച് പൊലീസ് സഹായം തേടിയിരിക്കുകയാണ്. വെസ്റ്റ് ബംഗാളിലെ മാർട്ടാ സ്വദേശിയാണ് ഇമാം ഹുസൈന്‍.

കുടുംബം പോറ്റാനുള്ള വക തേടിയാണ് അഞ്ച് വർഷം മുമ്പ് ഇമാം ഹുസൈൻ ബംഗാളിൽ നിന്നും കേരളത്തിൽ എത്തിയത്. വിവിധ ജോലികൾ ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ട് ലോട്ടറി എടുക്കൽ പതിവാണ്. വ്യാഴാഴ്ചയാണ് കേരള സർക്കാറിന്റെ നിർമ്മൽ ഭാഗ്യകുറി ടിക്കറ്റ് എടുത്തത്. NX 543296 എന്ന നമ്പറിൽ എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചു.

ഇതറിഞ്ഞതോടെ ഇമാം ഹുസൈന്റെ സമാധാനം പോയി. തന്നെ ആരെങ്കിലും അക്രമിച്ച് ലോട്ടറി ടിക്കറ്റ് കൊണ്ടുപോകുമോ എന്നാണ് ഭയം. മണിക്കൂറുകൾക്ക് ശേഷം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം പറഞ്ഞതോടെ പൊലീസ് ലക്ഷപ്രഭുവിനെ സ്റ്റേഷനിലെത്തിച്ചു.

അലനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് ടിക്കറ്റ് കൈമാറി. കുറച്ച് രേഖകൾ കൂടി കൈമാറിയാൽ കേരള ബാങ്കിൽ നിന്നും പണം ലഭിക്കും. പണം ലഭിച്ചാൽ നാട്ടിലെത്തി വീടു വെക്കണമെന്നും ബാക്കി പണം കൊണ്ട് ചെറിയ കച്ചവടം തുടങ്ങണമെന്നുമാണ് ഇമാം ഹുസൈന്റെ ആഗ്രഹം. കൂലി പണിക്കായി കേരളത്തിലെത്തിയ ഇമാം ഹുസൈന് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞതോടെ മാൾട്ടയിലുള്ള വീട്ടുകാരും സന്തോഷത്തിലാണ്.

Watch Video Report

Similar Posts