അകാരണമായി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; മകന്റെ ശസ്ത്രക്രിയക്ക് മാറ്റിവെച്ച പണം പോലും എടുക്കാനാകാതെ കുടുബം
|സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതുക്കോട് ബ്രാഞ്ചിലെത്തി അന്വേഷിച്ചെങ്കിലും ആദ്യം കൃത്യമായ മറുപടി ലഭിച്ചില്ല
പാലക്കാട്: ബാങ്ക് അധികൃതർ അകാരണമായി അക്കൗണ്ട് മരവിപ്പിച്ചതിന്റെ ഞെട്ടലിലാണ് പാലക്കാട് പുതുക്കോട് സ്വദേശി അനീഷ അബ്ദുൽ ഖാദർ. മകന്റെ ശസ്ത്രക്രിയക്കായി മാറ്റിവെച്ച പണം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവർ. ഒരു വർഷത്തിലധികമായി അനീഷയുടെ സൗത്ത് ഇന്ത്യൻ ബാങ്കിലെ അക്കൗണ്ട് പ്രവർത്തനരഹിതമാണ്.
2021 നവംബർ 21 നാണ് അനീഷയുടെ അക്കൗണ്ട് പ്രവർത്തനരഹിതമായത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതുക്കോട് ബ്രാഞ്ചിലെത്തി അന്വേഷിച്ചെങ്കിലും ആദ്യം കൃത്യമായ മറുപടി ലഭിച്ചില്ല. പിന്നീടാണ് കർണാടകയിലെ പുത്തൻ ഹള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന വിവരം ലഭിക്കുന്നത്. രണ്ടര വയസിനു ശേഷം മകന്റെ നാവിന് താഴെ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. അജ്മാനിലെ കടയിൽ ജോലിക്കാരനായ ഭർത്താവ് അബ്ദുൽ ഖാദർ മകന്റെ ഓപ്പറേഷനുള്ള പണം അനീഷയുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിച്ചതോടെ എല്ലാം താളം തെറ്റി.
പ്രവസിയായ അബ്ദുൽ ഖാദറിന്റെ ഏറെ കാലത്തെ അധ്വാനമാണ് ബാങ്ക് മരവിപ്പിച്ച് വെച്ചിരിക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ച നടപടി മാറ്റിയാൽ മാത്രമെ ഈ കുടുംബത്തിന്റെ ജീവിതം പൂർവസ്ഥിതിയിലാകൂ.